സ്ത്രീകളെ നിരീക്ഷിക്കാന്‍ ആപ്പ്; ആപ്പിളിനും ഗൂഗിളിനുമെതിരേ ആംനസ്റ്റി
ലണ്ടന്‍: സഊദി അറേബ്യയില്‍ ബന്ധുക്കളായ സ്ത്രീകളെ നിരീക്ഷിക്കാനായി ആപ്പില്‍ സൗകര്യമൊരുക്കിയ നടപടിക്കെതിരേ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷനലും ഹൂമന്‍ റൈറ്റ്‌സ് വാച്ചും രംഗത്ത്. സ്ത്രീകളുടെ ചലനങ്ങളും മറ്റും അറിയുന്നതിനു സഹായകരമായ 'അബ്ശിര്‍' എന്ന ആപ്പ് നിലവില്‍ ആപ്പിളും ഗൂഗിളും നല്‍കുന്നുണ്ട്. ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇത്തരം ആപ്പുകള്‍ ലഭ്യമാക്കുന്നത് ലിംഗവിവേചനത്തിനും പുരുഷാധിപത്യത്തിനും ഔദ്യോഗികമായി സൗകര്യമൊരുക്കലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. വിവാദ ആപ്പുകള്‍ സ്ത്രീകളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും ഇവര്‍ ആരോപിച്ചു.
മൊബൈല്‍ ഫോണില്‍ 'അബ്ശിര്‍' ഇന്‍സ്റ്റാള്‍ ചെയ്ത് സെറ്റിങ്‌സില്‍ മാറ്റംവരുത്തുന്നതോടെ അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാസ്‌പോര്‍ട്ട് ഉടമ യാത്രചെയ്യുകയാണെങ്കില്‍ ഫോണിലേക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. സഊദി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ക്കുള്ള ഇ- പോര്‍ട്ടലാണ് 'അബ്ശിര്‍'.
ജോലിക്കെത്തുന്ന തൊഴിലാളികള്‍ ഉടമ അറിയാതെ ഓടിപ്പോവുന്നതുള്‍പ്പെടെ തടയുന്നതിനായി 'അബ്ശിറി'ല്‍ ഒരുക്കിയ സൗകര്യം ഭാര്യമാരുടെയും ബന്ധുക്കളായ സ്ത്രീകളുടെയും സ്വകാര്യതയിലേക്കു കടന്നുചെല്ലാന്‍ ദുരുപയോഗിക്കുകയാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. ഉപഭോക്താക്കള്‍ക്ക് ആപ്പ് ലഭിക്കുന്നത് തടയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."