തരുവണക്കാരുടെ ക്ഷമ പരീക്ഷിച്ച് ജലനിധിയുടെ കുഴികള്‍
തരുവണ: കുടിവെള്ളം കിട്ടാക്കനിയായിട്ടും ഒരു തുള്ളി വെള്ളം നല്‍കാത്ത ജലനിധി പദ്ധതി ഗതാഗതത്തിനും തടസമുണ്ടാക്കുന്നു. മൂന്ന് വര്‍ഷമായിട്ടും ഒരു തുള്ളി കുടിവെള്ളം നല്‍കാത്ത വെള്ളമുണ്ട പഞ്ചായത്തിലെ ഇതുവരെ പൂര്‍ത്തിയാകാത്ത മഴുവന്നൂര്‍ കുടിവെള്ള വിതരണ പദ്ധതിയാണ് തരുവണക്കാരുടെ ക്ഷമ പരീക്ഷിക്കുന്നത്.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ കുടിവെള്ള പൈപ്പ് ഇടാനെടുത്ത കുഴികളിലെ മണ്ണ് കുത്തിയൊലിച്ച് തരുവണ ടൗണ്‍ ചളിക്കുളമാക്കി. കാല്‍നട യാത്രപോലും ദുസഹമാക്കുന്ന തരത്തിലാണ് റോഡില്‍ ചളി നിറഞ്ഞത്. ഇതോടെ ടൗണിലെ കരിങ്ങാരി പാലയണ റോഡില്‍ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഇന്നലെ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി സ്ഥലത്തെത്തി ജലനിധി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൊഴിലാളികളുമായെത്തിയ ജലനിധി അധികൃതര്‍ ടാക്ടറില്‍ മണ്ണ് നീക്കം ചെയ്താണ് ഇന്നലെ പതിനൊന്നരയോടെ ഗതാഗതം പുനസ്ഥാപിച്ചത്.
വെള്ളമുണ്ട പഞ്ചായത്തിന്റെ കീഴില്‍ ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി മഴുവന്നൂര്‍ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായി. എന്നാല്‍ കരാറുകാരന്റെ അനാസ്ഥമൂലം ഇനിയും കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല. പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന് പൈപ്പിടുന്നതിനായി കുഴിച്ച കുഴികള്‍ കൃത്യമായി മണ്ണിട്ട് മൂടാത്തിനാല്‍ തരുവണ, കരിങ്ങാരി, പാലയാണ, പരിയാരമുക്ക് റോഡുകളിലെല്ലാം അപകട ഭീഷണിയിലാണ്.
ചെറിയ വാഹനങ്ങള്‍ പോലും കുഴികളില്‍ അമര്‍ന്ന് ഗതാഗത തടസവും പതിവാണ്. ഇതിന് പുറമെയാണ് തരുവണ ടൗണിനോട് ചേര്‍ന്ന ഓവുചാലുകള്‍ മണ്ണിട്ട് മൂടിയത് കാരണം മഴപെയ്താല്‍ ചെളിയും വെള്ളവും ടൗണിലേക്കൊഴുകിയെത്തുന്നത്.
ഇതിന് മുമ്പും പല തവണ ടൗണില്‍ മണ്ണ് നിറഞ്ഞപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. മൂന്ന് വര്‍ഷമായിട്ടും കരാറുകാരന്റെ അനാസ്ഥ കാരണം പൂര്‍ത്തിയാവാത്ത പദ്ധതിക്കെതിരെ ഗുണഭോക്താക്കളിലും പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."