വേനല്‍ മഴക്കൊപ്പം ഇടിയും കാറ്റും; നീലഗിരിയില്‍ വ്യാപക നാശനഷ്ടം
ഗൂഡല്ലൂര്‍: വേനല്‍ മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും എത്തിയതോടെ നീലിഗിരിയില്‍ കനത്ത നാശനഷ്ടം. ജില്ലയിലെ ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായത്. നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. വ്യാപകമായി മരങ്ങള്‍ വീണ് നിരവധിയിടങ്ങളില്‍ ഗതാഗതം മുടങ്ങി. വൈദ്യുതി വിതരണവും താറുമാറായി.
ഊട്ടി കാന്തലിലെ കുരിശടി കോളനിയില്‍ നഗരസഭ നിര്‍മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ആറോളം ബൈക്കുകള്‍ക്കും മൂന്ന് കാറുകള്‍ക്കും ഒരു പിക്കപ് വാനും ഭാഗികമായി തകര്‍ന്നു. നൊണ്ടിമേടില് നിയന്ത്രണം വിട്ട ലോറി വൈദ്യുത തൂണിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ഗൂഡല്ലൂര്‍ താലൂക്കിലെ മേഫീല്‍ഡ്, വുഡ് ബ്രയര്‍ തേയിലത്തോട്ടങ്ങളില്‍ നിരവധി സില്‍വര്‍ഓക്ക് മരങ്ങള്‍ കടപുഴകി വീണു. എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ലയങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിരവധി ലയങ്ങളുടെ മേല്‍ക്കൂരയിലെ ഓടുകള്‍ കാറ്റെടുത്തു. ഗൂഡല്ലര്-സുല്‍ത്താന്‍ ബത്തേരി ദേശീയപാതയില്‍ വീട്ടിമരം പൊട്ടിവീണ് അല്പനേരം ഗതാഗതത തടസമുണ്ടായി. ഫയര്‍ഫോഴ്സെത്തി മരം വെട്ടിമാറ്റി പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. ഒമ്പതാം മൈല്‍ സ്വദേശി മുരുകന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം പൊട്ടി വീണ് ഓട്ടോ തകര്‍ന്നു. പ്രദേശത്തെ തന്നെ വ്യാപക കൃഷി നാശവുമുണ്ടായി.
വീരപ്പന് കോളനിയിലെ അശ്റഫിന്റെയും സുഹൃത്തിന്റെയും രണ്ടായിരത്തോളം നേന്ത്രവാഴകള്‍ പൂര്‍ണമായും നിലംപൊത്തി. ശക്തമായ കാറ്റില്‍ മേഫീല്‍ഡ് സ്വദേശി പുലിക്കോടന് റഷീദിന്റെ വീടിന്റെ മേല്‍ക്കൂര കാറ്റെടുത്തു. മരങ്ങള്‍ വൈദ്യുത ലൈനില്‍ പൊട്ടി വീണതിനാല്‍ ദേവര്‍ഷോല, നെല്ലാക്കോട്ട പഞ്ചായത്തുകളി ചൊവ്വാഴ്ച്ച രാത്രി 12 മണി മുതല്‍ ഇന്നലെ വൈകുന്നേരം വരെ വൈദ്യുതി വിതരണം മുടങ്ങി. മസിനകുടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയില്‍ നിരവധി വീടുകളിലെ ടി.വി ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴ ജില്ലയിലുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."