ജില്ലയില്‍ 192 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
കല്‍പ്പറ്റ: ധനകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിഫ്ബി ജില്ലയില്‍ 192.06 കോടിയുടെ പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്കി. ഏപ്രില്‍ 25ന് മന്ത്രി ഡോ. ടി.എം തോമസ് ഐസകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, കായിക-യുവജനക്ഷേമ വകുപ്പുകളുടെ കീഴിലുള്ള വിവിധ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
ജി.എച്ച്.എസ്.എസ് കാക്കവയല്‍, ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍, ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.വി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മൂലങ്കാവ്, ജി.എച്ച്.എസ്.എസ് പനമരം എന്നിവിടങ്ങളില്‍ മൂന്നു കോടി രൂപ വീതമാണ് അനുവദിക്കുക. കിറ്റ്കോയാണ് നിര്‍വഹണ ഏജന്‍സി.
ബി.എം ആന്‍ഡ് ബി.ടി പ്രകാരം മാനന്തവാടി-പക്രംതളം റോഡ് നവീകരണത്തിന് 16 കോടി രൂപ അനുവദിക്കും. ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരമാണ് ഈ തുക ഉപയോഗിച്ച് നന്നാക്കുക. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് നിര്‍വഹണ ഏജന്‍സി. ബീനാച്ചി-പനമരം റോഡ് നവീകരണത്തിന് 54.40 കോടി അനുവദിക്കും. 22.200 കിലോമീറ്റര്‍ ദൂരമാണിതിന്. മലയോര ഹൈവേ പ്രൊജക്ടിന്റെ കീഴില്‍ മാനന്തവാടി-കല്‍പ്പറ്റ റോഡില്‍ തകര്‍ന്നുകിടക്കുന്ന 6.2 കിലോമീറ്റര്‍, കല്‍പ്പറ്റ ബൈപാസില്‍ 3.8 കിലോമീറ്റര്‍, കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ റോഡില്‍ മൂന്നു കിലോമീറ്റര്‍ ദൂരം, ചൂരല്‍മല-അരുണപ്പുഴ റോഡ് 4.5 കിലോമീറ്റര്‍ എന്നിവ നന്നാക്കാന്‍ 57.78 കോടിയുടെ അംഗീകാരം നല്കി. കായിക-യുവജനക്ഷേമ വകുപ്പ് കല്‍പ്പറ്റയില്‍ നിര്‍മിക്കുന്ന ഓംകാരനാഥ് ഇന്‍ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സിന് 36.88 കോടിയും നല്‍കും. കിറ്റ്കോയെയാണ് നിര്‍വഹണ ഏജന്‍സിയായി തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."