വേനല്‍മഴ കനത്തു; ഏറ്റവും കൂടുതല്‍ കൊയിലാണ്ടിയില്‍
കോഴിക്കോട്: ജില്ലയില്‍ വേനല്‍മഴ കനത്തതോടെ പലയിടത്തും നാശനഷ്ടം. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴലഭിച്ചത് കൊയിലാണ്ടിയിലാണെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5.5 സെ.മി മഴയാണ് കൊയിലാണ്ടിയില്‍ രേഖപ്പെടുത്തിയത്. പുലര്‍ച്ചെ ഇടിമിന്നലിന്റേയും കാറ്റിന്റെയും അകമ്പടിയോടെയാണ് കനത്ത മഴയുണ്ടായത്. മണിക്കൂറോളം തുടര്‍ന്ന കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. വടകരയില്‍ 4.1 സെ.മി ഉം കോഴിക്കോട് നഗരത്തില്‍ 1.1 സെമി ഉം മഴ പെയ്തു.
ജില്ലയുടെ തെക്കന്‍ മേഖലകളിലും കനത്ത മഴയുണ്ടായി. ഇന്നലെയും ചൊവ്വാഴ്ച പുലര്‍ച്ചെയുമാണ് മഴയുണ്ടായത്. നേരത്തെ തെക്കന്‍ ജില്ലകളില്‍ സജീവമായ മഴയാണ് ഇപ്പോള്‍ വടക്കന്‍ ജില്ലകളില്‍ സജീവമായത്. ഏതാനും ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. തെക്കന്‍ തമിഴ്നാട് മുതല്‍ രാജ്യത്തിന്റെ മധ്യഭാഗം വരെ നീളുന്ന ന്യൂനമര്ദപാത്തിയിലേക്ക് അറബിക്കടലില്‍നിന്ന് നീരാവിയുള്ള വായു പ്രവഹിക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
ഇതുമൂലം പെട്ടെന്ന് മേഘങ്ങള്‍ രൂപപ്പെടുകയാണ്. രാത്രികാലങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്നും സ്വകാര്യ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പുലര്‍ച്ചെ അറബിക്കടലില്‍ ഏകദേശം 20 കിലോമീറ്റര്‍ ഉള്‍ഭാഗത്തു മുതല്‍ ജില്ലയുടെ കിഴക്ക് വയനാട് അതിര്‍ത്തിവരെ നീണ്ട മേഘക്കൂട്ടമാണ് മഴയ്ക്ക് കാരണമായത്. ജില്ലയില്‍ ഏതാണ്ട് പൂര്‍ണമായും മഴരേഖപ്പെടുത്തി. മഴയ്ക്കൊപ്പം കനത്ത ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."