പേരാമ്പ്രയിലെ പൊലിസിന് കാക്കിയുടുപ്പ് ചേരില്ല: ടി. സിദ്ദീഖ്
കോഴിക്കോട്: പേരാമ്പ്രയില്‍ ക്രിമിനല്‍ കേസിലെ പ്രതിയെ പൊലിസില്‍നിന്നു ബലം പ്രയോഗിച്ച് മോചിപ്പിച്ചത് ആശങ്കയുണ്ടാക്കുന്നതും ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണവുമാണെന്നും ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു.
പേരാമ്പ്രയില്‍ നടന്നത് നിയമവാഴ്ചയല്ല. സി.പി.എമ്മിന്റെ ക്രമിനല്‍ വാഴ്ചയാണ്. സി.പി.എം പ്രവര്‍ത്തകരുടെ അടിവാങ്ങുകയും പ്രതികളെ മോചിപ്പിച്ച് കൊണ്ടുപോകുമ്പോള്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയും ചെയ്യുന്ന പേരാമ്പ്രയിലെ പൊലിസിന് കാക്കിയുടുപ്പ് ചേരില്ല. അത് അഴിച്ചുമാറ്റി പൊലിസിന്റെ മാന്യത സംരക്ഷിക്കാന്‍ അവര്‍ തയാറാകണം.
അക്രമത്തിനു നേതൃത്വം കൊടുത്തവര്‍ മന്ത്രിയുടെ അടുത്ത അനുയായികളും സി.പി.എം പ്രവര്ത്തകരുമാണെന്നുള്ളത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഇത്തരം അക്രമങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം കോണ്‍ഗ്രസ് ഉയര്‍ത്തും.
അക്രമികളെ ഒറ്റപ്പെടുത്താനും മാന്യതയില്ലാത്ത രാഷ്ട്രീയ സമീപനം ഒഴിവാക്കാനും ശ്രമിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമികള്ക്കുനല്കുന്ന സംരക്ഷണവും പ്രോത്സാഹനവും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."