തായ് രാജ്ഞിയുടെ രാഷ്ട്രീയപ്രവേശനത്തിന് തിരിച്ചടി; പ്രചാരണത്തിനില്ലെന്ന് പാര്‍ട്ടി
ബാങ്കോക്: തായ് രാജ്ഞി ഉപോല്രത്ന രാജകന്യയുടെ രാഷ്ട്രീയ പ്രവേശന മോഹത്തിന് തിരിച്ചടി. രാജ്ഞിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കില്ലെന്ന് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി അറിയിച്ചു. രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി പദവിയിലേക്കു മത്സരിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി ഇന്നലെ മലക്കംമറിഞ്ഞത്.
1972ല്‍ യു.എസ് പൗരനെ വിവാഹം കഴിച്ച് രാജകുടുംബവുമായുള്ള ബന്ധം താല്‍ക്കാലികമായി ഉപേക്ഷിച്ച രാജ്ഞിയുടെ രാഷ്ട്രീയപ്രവേശനത്തെ രാജാവ് മഹാവജിരലോകോണിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പാര്‍ട്ടി തീരുമാനം മാറ്റിയത്. രാജാവിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും രാജ്ഞിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കില്ലെന്നും രക്ഷാ ചാര്‍ട്ട് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി തക്സിന് ഷിനവത്രയുടെ കുടുംബത്തിന്റെ പിന്തുണയുള്ള കക്ഷിയാണ് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി.
തായ്ലന്ഡ് രാഷ്ട്രീയത്തിനും മുകളില്‍ സ്വാധീനശക്തിയായ രാജകുടുംബത്തില്‍നിന്ന് ഇതുവരെയും ഒരംഗവും രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നില്ല. ഈ പതിവ് തെറ്റിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പദവിയിലേക്കു മത്സരിക്കാന്‍ മോഡലും നടിയും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവവുമായ രാജ്ഞി തീരുമാനിച്ചത്. അടുത്തമാസം 24നാണ് വോട്ടെടുപ്പ്.
അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം ഇതാദ്യമായാണ് തായ്ലന്ഡില് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."