മാനസികാരോഗ്യ കേന്ദ്രത്തിന് 400 കോടിയുടെ മാസ്റ്റര്‍പ്ലാന്‍
കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ നല്‍കുന്ന ഗവേഷണ സ്ഥാപനമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കുതിരവട്ടം ജില്ലാ മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നൂറുകോടി രൂപയുടെ ഒന്നാംഘട്ടം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിനാന്‍ഷ്യല്‍ ബിഡ് അവലോകനം ചെയ്ത് മാസ്റ്റര്‍ പ്ലാനും സി.പി.ആറും തയാറാക്കാനുള്ള ഏജന്‍സിയെ തീരുമാനിക്കും. മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാനായി ട്രസ്റ്റ് രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടറെ തുടര്‍നടപടികള്‍ക്കായി ചുമതലപ്പെടുത്തി.
ആരോഗ്യ വകുപ്പില്‍ നിന്ന് പ്രവര്‍ത്തന ഫണ്ടായി 9.75 ലക്ഷം രൂപ കിറ്റ്‌കോ അനുവദിച്ചിട്ടുണ്ട്. ഗവേഷണത്തിനും പഠനത്തിനും പ്രകൃതിസൗഹൃദ അന്തരീക്ഷത്തില്‍ അത്യാധുനിക ചികിത്സയ്ക്കും സൗകര്യമൊരുക്കുമെന്നും മൂന്നു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
മാനസിക രോഗനിര്‍ണയ പരിശോധന, തലച്ചോറിനെ ബാധിക്കുന്ന ക്ഷതങ്ങളുടെയും രോഗാവസ്ഥകളുടെയും ഭാഗമായി വരുന്ന വൈകല്യങ്ങളുടെ നിര്‍ണയം മുതലായവയുടെ ചികിത്സയ്ക്ക് പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ആരോഗ്യ മന്ത്രി ആരോഗ്യ കേന്ദ്രം ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് സോ. സന്ദീഷിന് കൈമാറി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രസ്റ്റിന്റെ ആദ്യയോഗം കിറ്റ്‌കോയെ പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസറായി നിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
ജില്ലാ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.എം.ഒ ഡോ. വി. ജയശ്രീ, ടി.ഡി എം.ഒ ഡോ. ആശ, ഡോ. വത്സല, ആരോഗ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി ടി.പി ചന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."