പി.പി ലക്ഷ്മണന്‍ ഇനി ദീപ്തസ്മരണ
കണ്ണൂര്‍: ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും കായികരംഗത്തെ പ്രമുഖസംഘാടകനുമായ പി.പി ലക്ഷ്മണന് കണ്ണൂര്‍ പയ്യാമ്പലത്ത് അന്ത്യനിദ്ര. ഇന്നലെ വൈകിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിച്ചത്. മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാരിനുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ഔദ്യോഗിക ബഹുമതി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഫിഫ അപ്പീല്‍ കമ്മിറ്റിയംഗവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ പി.പി ലക്ഷ്മണന്‍ ഏപ്രില്‍ 30ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. പി.പി ലക്ഷ്മണനെ അവസാനമായി ഒരുനോക്കു കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രാവിലെ വസതിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നുമണിയോടെ കണ്ണൂര്‍ കോര്‍പറേഷന്‍ അങ്കണത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു. മുന്‍ നഗരസഭാ ചെയര്‍മാന്‍ കൂടിയായ പി.പി ലക്ഷ്മണന് ജീവനക്കാരും നാട്ടുകാരുമടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പയ്യാമ്പലത്ത് എത്തിച്ച മൃതദേഹത്തില്‍ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ച ശേഷം നാലരയോടെ സംസ്‌കരിച്ചു. തുടര്‍ന്ന് സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. വിയോഗത്തില്‍ അനുശോചിച്ച്് ഇന്നലെ ഉച്ച മുതല്‍ വൈകുന്നേരം വരെ കണ്ണൂര്‍ നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."