ബൈക്കിന് മൈലേജ് എങ്ങനെ കൂട്ടാം...
കാറുകള്‍ ഒഴിവാക്കി ഏവരും ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ കാരണം പ്രധാനമായും മൈലജും സൗകര്യവുമാണ്. ഒന്നോ രണ്ടോ പേര്‍ക്ക് പോകുവാന്‍ തീര്‍ച്ചയായും നല്ലൊരു വാഹനമാണ് ഇരുചക്രവണ്ടികള്‍. ബൈക്കില്‍ തീര്‍ച്ചയായും മൈലേജ് പ്രധാനമാണ്. തങ്ങളുടെ പണം ചോരുന്നില്ലെന്ന് ഒരു ഉപഭോക്താവും അറിഞ്ഞിരിക്കണം.
കമ്പനി പറയുന്ന മൈലേജ് ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇരുചക്രവാഹനം വാങ്ങുന്ന ഭൂരിഭാഗം പേരും നോക്കാറില്ല. ഇത് വന്‍ധനനഷ്ടത്തിനു കാരണമാവുന്നു. തീര്‍ച്ചയായും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തീര്‍ച്ചയായും ബൈക്കിന്റെ മൈലേജ് കൂട്ടാവുന്നതാണ്.
മികച്ച മൈലേജിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..
സര്‍വീസ്
ഏതൊരു ഇരുചക്രവാഹനം പുറംമോടി പോലെ അകംമോടിയും വേണം. എങ്കില്‍ മാത്രമേ, ആ വാഹനത്തിന് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാനാവൂ. വാഹനത്തിന്റെ അകംമോടിക്കായി ഉള്ള പ്രവര്‍ത്തനമാണ് അതിന്റെ സര്‍വീസ്. കൃത്യമായ ഇടവേളകളില്‍ ശരിയായ സര്‍വീസ് വാഹനത്തിന്റെ ആയുസ്സും അതുവഴി മൈലേജും വര്‍ധിപ്പിക്കും.
എക്കോണമി സ്പീഡ്
ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവയുടെ വേഗതയും മൈലേജും തമ്മില്‍ വലിയ ബന്ധമുണ്ട്. അമിത വേഗത എപ്പോഴും എന്‍ജിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഇതു വഴി എന്‍ജിന്റെ ആയുസ്സ് കുറയുകയും ഇത് മൈലേജിനെയും ബാധിക്കും. നിര്‍മാതാക്കള്‍ നിശ്ചയിട്ടുള്ള എക്കോണമി സ്പീഡ് വാഹനത്തിനുണ്ടാവും. ഈ വേഗതയില്‍ പോവുകയാണെങ്കില്‍ വാഹനത്തിന് മൈലേജ് ലഭിക്കാന്‍ കാരണമാവും. ഭൂരിപക്ഷം ഇരുചക്ര വാഹനങ്ങളുടെയും എക്കോണമി സ്പീഡ് 40നും 50നും ഇടയ്ക്കാണ്.
യാത്ര തിരിക്കുമ്പോള്‍..
നമ്മള്‍ ഒരു സ്ഥലത്തേക്ക് പോകുമ്പോള്‍ തീര്‍ച്ചയായും എളുപ്പമുള്ള വഴി പോവുക. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായ വഴി നിശ്ചയിച്ചു പോവുക. എന്തെന്നാല്‍, വ്യത്യസ്ത വഴികളില്‍ പോയി ഇന്ധച്ചെലവ് കൂട്ടേണ്ടതില്ല.
ട്രാഫികും റോഡിന്റെ ശോച്യാവസ്ഥയും
റോഡുകളിലെ ട്രാഫിക് കുരുക്കും കുണ്ടും കുഴിയുമുള്ള റോഡുകളിലൂടെയുമുള്ള യാത്രകള്‍ ഒഴിവാക്കുക. ട്രാഫിക്കുകളില്‍ കുടുങ്ങി നിരങ്ങിയുള്ള യാത്രകള്‍ ഇന്ധനം പെട്ടെന്ന് കത്തിക്കും. പകരം അല്‍പ്പം കൂടുതല്‍ ഓടേണ്ടി വന്നാലും നല്ല വഴികള്‍ തെരഞ്ഞെടുക്കുക. മികച്ച മൈലേജ് ലഭിക്കാന്‍ ഇത് കാരണമാവും.
എന്‍ജിന്‍ ഓയില്‍ മാറ്റുക..
മനുഷ്യശരീരത്തിന് രക്തമെന്നപോലെ വാഹനത്തിന്റെ എന്‍ജിന്റെ രക്തമാണ് അതിന്റെ ഓയിലുകള്‍. എന്‍ജിന്‍ ഓയിലുകള്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുക. ഓയിലിന്റെ കാലാവധി എത്രയാണെന്ന് മനസിലാക്കി വേണം മാറ്റുവാന്‍. എന്‍ജിനിലെ ഓയില്‍ ചോര്‍ച്ച കണ്ടില്ലെന്ന് നടിച്ചാല്‍ അത് മൈലേജിനെ ബാധിക്കും.
ലൂബ്രിക്കേഷന്‍..
വാഹനങ്ങളിലെ ലൂബ്രിക്കേഷന്‍ പ്രധാനപ്പെട്ടതാണ്. യന്ത്രഭാഗങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് പ്രാധാന്യമേറിയതാണ്. അതിനാല്‍ ആവശ്യസമയങ്ങളില്‍ ലൂബ്രിക്കേഷന്‍ ചെയ്യുക. പ്രത്യേകിച്ച് മഴക്കാലങ്ങളില്‍. കാരണം, മഴ കൊണ്ട് വാഹനത്തിന്റെ ചെയ്‌നിലെയും മറ്റും പെട്ടെന്ന് തന്നെ ലൂബ്രിക്കറ്റ് നഷ്ടപ്പെടുന്നു. അതിനാല്‍ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ലൂബ്രിക്കന്റ് ചെയ്യുക.
ടയര്‍ പ്രഷര്‍..
വാഹനത്തിന്റെ മൈലേജിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ടയറുകള്‍. മറ്റെല്ലാ പാര്‍ട്‌സും സുഗമമായി പ്രവര്‍ത്തിച്ചാലും ടയറുകള്‍ മോശമാണെങ്കില്‍ തീര്‍ച്ചയായും അത് മൈലേജിനെയും ബാധിക്കും. ടയറിലെ മര്‍ദ്ദമാണ് വാഹനത്തിന്റെ സുഗമമായ സഞ്ചാരത്തിന് നിദാനം. മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഈ ടയര്‍ പ്രഷര്‍ നിലനിര്‍ത്തികൊണ്ടുപോവണം. ഓരോ വാഹനത്തിന്റെയും മുന്‍ ടയറിനും പിന്‍ ടയറിനും വ്യത്യസ്ത അളവിലാണ് ടയര്‍ പ്രഷര്‍. അതിനാല്‍ തങ്ങളുടെ വാഹനത്തിനു അനുവദനീയമായിട്ടുള്ള ടയര്‍ പ്രഷര്‍ അറിഞ്ഞിരിക്കണം.
ബാറ്ററി..
വാഹനത്തിന്റെ മൈലേജിന് ബാറ്ററി കൃത്യമാണെന്ന് ഉറപ്പുവരുത്തണം. ചില വാഹനങ്ങളില്‍ ബാറ്ററി ചാര്‍ജിങ്ങിന് ഇന്‍ഡിക്കേറ്റര്‍ സൗകര്യമുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ഈ സൗകര്യമില്ലാത്തവയില്‍ സെല്‍ഫ് സ്റ്റാര്‍ട്ട് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഉടനടി തന്നെ ബാറ്ററി സര്‍വീസ് നടത്തുക. വാഹനത്തിന് സ്റ്റാര്‍ട്ടിങ് പ്രശ്‌നം നേരിടുമ്പോള്‍ ഇന്ധനഷ്ടം വളരെ വലുതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."