ബാങ്കുകളില്‍ കാര്യക്ഷമമായ പരിശോധനകള്‍ ഇല്ലാത്തത് തട്ടിപ്പിന് കളമൊരുക്കി
തട്ടിപ്പിന് മുക്കുപണ്ടങ്ങള്‍ എത്തുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നെന്ന് സൂചന
ചെറുവത്തൂര്‍: ജില്ലയിലെ ചില സഹകരണ ബാങ്കുകളില്‍ കോടികളുടെ മുക്കുപണ്ട പണയത്തട്ടിപ്പിന് കളമൊരുക്കിയത് കാര്യക്ഷമമായ പരിശോധനകളുടെ അഭാവം. സഹകരണ ബാങ്കുകളില്‍ എല്ലാ വര്‍ഷവും ഓഡിറ്റിങ്ങും അതിനോടനുബന്ധിച്ച് സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുകയും ചെയ്യാറുണ്ടെങ്കിലും അതെല്ലാം ബാങ്കിന്റെ സ്വന്തം അപ്രൈസര്‍മാരുടെ സാന്നിധ്യത്തിലാണ് ഉണ്ടാവാറുള്ളത്.
മുക്കുപണ്ട പണയത്തട്ടിപ്പില്‍ ബാങ്ക് മാനേജര്‍മാരും അപ്രൈസര്‍മാരുമാണ് ഇപ്പോള്‍ പ്രതികളായി കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ വര്‍ഷം തോറും നടക്കുന്ന ഈ പരിശോധന പ്രഹസനമാവുകയും ചെയ്യുന്നു. പുറമെ നിന്നുള്ള അപ്രൈസര്‍മാരെ കൊണ്ടുവന്ന് പരിശോധന നടത്തുകയോ അനലൈസര്‍ പോലുള്ള ആധുനിക സംവിധാനങ്ങള്‍ പരിശോധനയ്ക്കായി ഉപയോഗിക്കുകയോ ചെയ്താല്‍ മാത്രമേ മുക്കുപണ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
അതേസമയം മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട പണയത്തട്ടിപ്പ് കണ്ടെത്തി ആഴ്ചകള്‍ക്ക് ശേഷമാണ് മറ്റു ബാങ്കുകളില്‍ ഇപ്പോള്‍ പരിശോധന നടക്കുന്നത്. സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ പലര്‍ക്കും രക്ഷപ്പെടാനുള്ള വഴിയായി ഇതു മാറുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ലക്ഷങ്ങളുടെ പണയ ഉരുപ്പടികള്‍ തിരികെ എടുത്ത ബാങ്കുകള്‍ ജില്ലയിലുണ്ട്.
ഇതുകൂടി അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതിനിടയില്‍ യഥാര്‍ഥ സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ എത്തിക്കുന്നത് തൃശൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും സൂചനയുണ്ട്.
കാസര്‍കോട് മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്കില്‍ അഞ്ചു കോടിയോളം രൂപയുടെ മുക്കുപണ്ട പണയത്തട്ടിപ്പ് കണ്ടെത്തിയതോടെയാണ് ജില്ലയിലെ എല്ലാ ബാങ്കുകളിലും പരിശോധന നടക്കുന്നത്, എന്നാല്‍ പരിശോധിക്കാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തുന്ന അപ്രൈസര്‍മാര്‍ യഥാര്‍ഥ സ്വര്‍ണവും മുക്കുപണ്ടവും തിരിച്ചറിയാന്‍ പ്രയാസപ്പെടുകയാണ്.
തട്ടിപ്പ് നടത്തുന്നതിനു മാത്രം മുക്കുപണ്ടങ്ങള്‍ നിര്‍മിച്ച് അത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്ന വന്‍ റാക്കറ്റ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.
ജില്ലയില്‍ തട്ടിപ്പ് കണ്ടെത്തിയ മൂന്നു ബാങ്കുകളില്‍നിന്നും കണ്ടെത്തിയത് ഒരേ തരത്തിലുള്ള മുക്കുപണ്ടങ്ങളാണെന്നാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പണയ ഉരുപ്പടികളായ സ്വര്‍ണം പരിശുദ്ധമാണെന്ന് ഉറപ്പ് വരുത്താന്‍ 916 ഹാള്‍മാര്‍ക്ക്, പശ ഉപയോഗിച്ച് പതിക്കുന്ന രീതിയും കാസര്‍കോട് കണ്ടെത്തിയിരുന്നു. ഒറ്റപ്പെട്ട മുക്കുപണ്ട പണയത്തട്ടിപ്പ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും വ്യാപകമായ രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞത് മുട്ടത്തൊടി സംഭവത്തോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."