സമസ്ത പൊതുപരീക്ഷ: ഇരട്ട സഹോദരിമാര്‍ക്ക് റാങ്കിന്‍ തിളക്കം
മേലാറ്റൂര്‍: മദ്‌റസ പൊതുപരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഇരട്ട സഹോദരികള്‍ക്ക് റാങ്കിന്‍ തിളക്കം. കിഴക്കുംപാടം സ്വദേശി പൂതാനി മുസ്തഫ മുസ്‌ലിയാര്‍ ആയിഷ ദമ്പതികളുടെ മക്കളായ റാഫിഅ ഷെറിന്‍ റാബിഅ പര്‍വിന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. മേലാറ്റൂര്‍ കിഴക്കുംപാടം സിറാജുല്‍ഹുദാ മദ്രസയിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് രണ്ടുപേരും. കരുവാരക്കുണ്ട് നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ്ടുവിന് മികച്ച വിജയം നേടിയിരിക്കുന്നതിനിടയിലാണ് മദ്രസയില്‍ നിന്നും സംസ്ഥാന തലത്തില്‍ ഒന്ന്, മൂന്ന് റാങ്കുകള്‍ ഇരട്ട സഹോദരികളെ തേടിയെത്തിയത്.
റാബിഅ പര്‍വിന്‍ 400 ല്‍ 395 മാര്‍ക്കോടെ ഒന്നാം റാങ്കും സഹോദരി റാഫിഅ ഷെറിന്‍ 393 മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. ജീവിതത്തിലെന്നപോലെ പഠനത്തിലും ഇവര്‍ ഇഴപിരിയാറില്ല. രണ്ടുപേരും ഒരുമിച്ചാണ് പഠിക്കാനിരിക്കുക. വൈകുന്നേരം ഏഴോടെ തുടങ്ങുന്ന പഠനം രാത്രി ഏറെനീളുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പണ്ഡിതനായ പിതാവിന്റെയും മദ്രസയിലെ ഗുരുനാഥനായ കട്ടിലശ്ശേരി ഉമ്മര്‍ മുസ്‌ലിയാരുടെയും നിര്‍ദേശങ്ങളാണ് ഉന്നത വിജയത്തിന് കാരണമായതെന്ന് സഹോദരികള്‍ പറയുന്നു. വായനയാണ് ഇരുവരുടെയും പ്രധാന ഹോബി. സ്‌കൂളിലെയും മദ്രസയിലെയും പൊതുപരീക്ഷകള്‍ ഒന്നിച്ചു നേരിടാന്‍ ഇവര്‍ക്ക് പ്രചോദനം ഉസ്താദുമാരുടെ ശിക്ഷണമായിരുന്നു. റാങ്ക് നേടിയ വിവിരമറിഞ്ഞതോടെ കിഴക്കുംപാടത്തെ വീട്ടിലേക്ക് അനുമോദനപ്രവാഹമായിരുന്നു. അധ്യാപകരും സംഘടനാ ബന്ധുക്കളും സഹോദരികളുടെ പിതാവിനെ വിളിച്ചു അഭിനന്ദനം അറിയിച്ചു. എടപ്പറ്റ റെയ്ഞ്ച് മാനേജ്‌മെന്റ് ഭാരവാഹികളായ ടി.എച്ച് ദാരിമി, മുജീബ്‌റഹമാന്‍ അസ്‌ലമി, മുഹമ്മദ് ദാരിമി തുടങ്ങിയവരും വീട്ടിലെത്തി അനുമോദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."