അലോട്ട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം നാളെ അവസാനിക്കും
മലപ്പുറം: പ്ലസ് വണ്‍ പ്രവേശത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പട്ടികയില്‍ ഇടം പിടിച്ചവരുടെ സ്‌കൂള്‍ പ്രവേശന സമയം നാളെ അവസാനിക്കും. നാളെ വൈകുന്നേരം അഞ്ചിനു മുമ്പായാണ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ ഒപ്ഷനില്‍ തന്നെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഒപ്ഷന്‍ മാറ്റാനും അവസരമില്ല.
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 79,506 വിദ്യാര്‍ഥികളില്‍ 32073 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യ അലോട്ട്‌മെന്റ് ലഭിച്ചത്. ജില്ലയില്‍ ജനറല്‍ വിഭാഗത്തിലുള്ള മുഴുവന്‍ സീറ്റുകളിലേക്കും(21317) ആദ്യ അലോട്ട്‌മെന്റില്‍ തന്നെ പ്രവേശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ വിദ്യാര്‍ഥികള്‍ പ്രേവശനം നേടാത്തതിനെ തുടര്‍ന്ന് ഒഴുവു വരുന്ന സീറ്റുകള്‍ മാത്രമേ ഇനിയുണ്ടാകൂ. ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിനുള്ള ആകെയുള്ള 2161 സീറ്റുകളിലേക്കും മുസ്‌ലിം വിഭാഗത്തില്‍ ആകെയുള്ള 1754 സീറ്റുകളിലേക്കും ആദ്യ അലോട്ടുമെന്റില്‍ തന്നെ പ്രവേശനം പൂര്‍ത്തിയായി. ആംഗ്ലോ ഇന്ത്യക്കാര്‍ക്കുള്ള 856 സീറ്റുകളില്‍ 23 സീറ്റുകളിലേക്കു മാത്രമാണ് അപേക്ഷരെത്തിയത്. ഇവര്‍ക്കായി നീക്കിവെച്ച 833 സീറ്റുകള്‍ ഇനിയും ബാക്കിയാണ്. കൃസ്ത്യന്‍ ഒ.ബി.സി വിഭാഗത്തില്‍ 242 സീറ്റും ഹിന്ദു ഒ.ബി.സി വിഭാഗത്തില്‍ 102 സീറ്റും ഇനിയും നികത്താനുണ്ട്. എസ്.സി വിഭാഗത്തിന് അനുവദിച്ച 5763 സീറ്റില്‍ 4800 സീറ്റുകളിലേക്കും, 4065 എസ്.ടി സീറ്റുകളില്‍ 209 സീറ്റുകളിലേക്കും ആദ്യ അലോട്ട്‌മെന്റ് വഴി പ്രവേശനം നടത്തി. എസ്.സി വിഭാഗത്തില്‍ 963 ഉം എസ്.ടി വിഭാഗത്തില്‍ 3856 ഉം സീറ്റുകളാണ് അടുത്ത അലോട്ട്‌മെന്റില്‍ നികത്താനുള്ളത്. ഭിന്ന ശേഷിക്കാര്‍്ക്കുള്ള 537, അന്ധ വിഭാഗത്തില്‍ 150, ദേവര വിഭാഗത്തില്‍ 443, കുശവന്‍ 239, കുടുംബി 320 സീറ്റുകളും ഒഴിവുണ്ട്.
ജില്ലയില്‍ ആകെയുള്ള 39758 പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളില്‍ ഇനിയുള്ളത് 7685 സീറ്റുകളാണ്. ഈ സീറ്റുകളിലേക്കും നാളെ വൈകുന്നേരത്തിനകം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനം നേടാത്ത സീറ്റുകളിലേക്കുമുള്ള അലോട്ടുമെന്റാണ് ഇനി അടുത്ത ഘട്ടത്തില്‍ നടക്കുക. ആദ്യ അലോട്ട്‌മെന്റില്‍ ഇടംപിടിക്കാത്ത അടുത്ത അലോട്ട്‌മെന്റിനായി കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."