പരാധീനതകള്‍ മറന്ന് പഠിച്ചു; ഷിബൂസിന് എസ്.സി വിഭാഗം ഒന്നാംറാങ്ക്
കൊണ്ടോട്ടി: വിമാനത്താവള റോഡരികില്‍ ചായക്കട നടത്തുന്ന രോഗിയായ അച്ഛന്‍, ആശാ വര്‍ക്കറായ അമ്മ, സാമ്പത്തിക പരാധീനതകള്‍ മറന്നു പഠിച്ച ഷിബൂസിന് ഒടുവില്‍ റാങ്കിന്റ തിളക്കം. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കാണ് കൊണ്ടോട്ടി നയാബസാറിലെ ഒസ്സാന്‍ കണ്ടിയില്‍ പറമ്പന്‍ ഷിബൂസ് നേടിയത്. സംസ്ഥാന തലത്തില്‍ 221-ാം റാങ്കുകാരന്‍ കൂടിയാണ്. പറമ്പന്‍ സുബ്രഹ്മണ്യന്‍- ശ്രീലത ദമ്പതികളുടെ മകനായ ഷിബൂസ് കൊണ്ടോട്ടി മര്‍ക്കസിലെ കോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് പരിശീലനം നേടിയത്. കൊണ്ടോട്ടി ഇം.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഷിബൂസ് പഠിച്ചത്. ഐ.ഐ.ടിയില്‍ സെലക്ഷന്‍ നേടിയിരിക്കുമ്പോഴാണ് സംസ്ഥാന എന്‍്ട്രന്‍സ് റാങ്ക് എത്തുന്നത്. ചെന്നൈ ഐ.ഐ.ടിയില്‍ തന്നെ ചേര്‍ന്ന് പഠിക്കാനാണ് തീരുമാനം.
കല്‍പ്പണിക്കാരാനായിരുന്ന അച്ഛന്‍ സുബ്രഹ്മണ്യന് ശാരീരിക പ്രശ്‌നങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടാണ് വിമാനത്താവള റോഡരികില്‍ ഉപജീവനത്തിനായി ചായക്കട തുടങ്ങിയത്. പഠനത്തിലെ മകന്റെ ആവേശവും താല്‍പര്യവും കൊണ്ടാണ് രണ്ടാംതവണയും എഴുതിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അവന്റ ആത്മാര്‍തയും ദൈവ സഹായവും കൂടിയായതോടെ പ്രതീക്ഷിച്ചതിലപ്പുറം നേടാനായി. ഷിബ്‌നയാണ് ഏക സഹോദരി. എം.എല്‍.എ ടി.വി.ഇബ്രാഹീം,കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടി,കൗണ്‍സിലര്‍മാരായ യു.കെ.മുഹമ്മദ് ഷാ,പുലാശ്ശേരി മുസ്തഫ തുടങ്ങിയവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."