ഫിഷറീസ് വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു
തൃപ്രയാര്‍: മത്സ്യബന്ധനമേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളും പരാതികളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ വലപ്പാടില്‍ ഫിഷറീസ് വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗം ബഹളം മൂലം തീരുമാനമാകാതെ പിരിഞ്ഞു.
സര്‍ക്കാര്‍ നിരോധിച്ച പെലിജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തരുതെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന പരാതിയാണ് അടിയന്തിരയോഗം വിളിച്ചു ചേര്‍ക്കാന്‍ ഫിഷറീസ് വകുപ്പിനെ പ്രേരിപ്പിച്ചത്. പെലിജിക് വലയില്‍ ലഭിക്കുന്ന വലിയ മത്സ്യങ്ങള്‍ ശേഖരിക്കുകയും ചത്തുപോകുന്ന കുഞ്ഞു മത്സ്യങ്ങളെ കടലില്‍ തള്ളുകയുമാണ് ചെയ്യുന്നത്.
ആവോലി, കണവ, അയല, മത്തി, നെയ്മീന്‍, ചെമ്മീന്‍ തുടങ്ങിയ ഇനങ്ങളിലുള്ള പതിനായിരക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളാണ് പെലിജിക് വല മൂലം പ്രതിദിനം നശിച്ചു പോകുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. സംഘടനാ പ്രതിനിധികളെ വിളിക്കാതെയുള്ള യോഗത്തില്‍ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. യോഗം നടന്ന വലപ്പാട് ഗ്രാമപഞ്ചായത്ത് ഹാളും ഓഫിസ് മുറ്റവും തൊഴിലാളികളാല്‍ നിറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതി ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത ഗീതാഗോപി എം.എല്‍.എ ഉറപ്പു നല്‍കി. ബഹളം മൂലം പരാതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനാകാതെ യോഗം പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."