തീരദേശത്തെ ഇതര സമംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
ചാവക്കാട് സര്‍ക്കിള്‍ പരിധിയില്‍ രജിസ്‌ട്രേഷനെത്തിയത് 580 പേര്‍
ചാവക്കാട്: തീരദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കാന്‍ പൊലിസ് നടത്തിയ രജിസട്രേഷനില്‍ 580 പേര്‍ പങ്കെടുത്തു. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ ചാവക്കാട് സ്റ്റേഷനില്‍ 300 പേരും വടക്കേക്കാട് സ്റ്റേഷനില്‍ 280 പേരുമാണ് തിങ്കളാഴ്ച രജിസ്‌ട്രേഷന്‍ നടത്തിയത്. രാവിലെ ഏഴിന് ആരംഭിച്ച രജിസ്‌ട്രേഷന് വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകിട്ട് വരെ നീണ്ടുനിന്നു.
പൊലീസ് സ്‌റ്റേഷനുകളിലെ രജിസ്റ്ററില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ പതിച്ച ശേഷം ഇവരുടെ സ്വദേശത്തെ മേല്‍വിലാസവും ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസവും പൊലിസ് ശേഖരിച്ചിട്ടുണ്ട്.ഇതിന് പുറമേ കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏത് ഉടമസ്ഥന് കീഴിലാണ് ജോലി ചെയ്യുന്നതെന്ന വിവരവും പോലിസ് ശേഖരിച്ചിട്ടുണ്ട്. ഫോട്ടോ ഇല്ലാത്തവര്‍ക്ക് പൊലിസ് ഫോട്ടോ എടുത്ത് നല്‍കിയിരുന്നു. ഇവരുടെ വീഡിയോ ചിത്രങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. ബംഗാള്‍,ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് രജിസ്‌ട്രേഷന് പങ്കെടുത്തതില്‍ കൂടുതലും ഓരോ തൊഴിലാളിയുടേയും ഫോട്ടോയുടെ പുറത്ത് പൊലീസ് സ്‌റ്റേഷന്റെ സീല്‍ പതിപ്പിച്ച് നല്‍കുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ ഫോട്ടോയില്‍ കുറിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.
നാട്ടുകാരുടേയും ഇതര സംസ്ഥാന തൊഴിലാളികളുടേയും ക്ഷേമവും സുരക്ഷയും കണക്കിലെടുത്താണ് പോലിസ് രജിസ്‌ട്രേഷന്‍ കര്‍ശനമാക്കിയിരിക്കുന്നത്. പൊലിസില്‍ നിന്ന് ലഭിച്ച സീലോടുകൂടിയ ഫോട്ടോ കാണിക്കുന്ന തൊഴിലാളികളെ മാത്രമേ പണിസ്ഥലങ്ങളില്‍ ജോലിക്ക് നിര്‍ത്തുകയും താമസ സൗകര്യം നല്‍കേണ്ടതുളളൂവെന്നും പൊലിസിന്റെ കര്‍ശന നിര്‍ദേശമുണ്ട്.ഈ രജിസ്‌ട്രേഷന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അപകടങ്ങളോ മറ്റോ സംഭവിക്കുമ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായകമാകും.
വിവിധ തൊഴില്‍ രംഗങ്ങളിലായി തീരദേശത്ത് നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരുടേയും വിവരങ്ങള്‍ ആര്‍ക്കും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പൊലിസ് രജിസ്‌ട്രേഷന്‍ കര്‍ശനമാക്കിയത്. പെരുമ്പാവൂര്‍ ജിഷ കൊലപാതകത്തിന്റെ വെളിച്ചത്തിലാണ് തൊഴിലാളികളുടെ വിവരം അടിയന്തിരമായി ശേഖരിക്കാന്‍ പൊലിസ് നടപടിയെടുത്തത്.ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവരുടെ ഒരു യോഗം 24ന് രാവിലെ 10ന് ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ചേരും. തൊഴിലാളികളുടെ വിവര ശേഖരണത്തിന് സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് സി.ഐ എ.ജെ.ജോണ്‍സന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."