കാട്ടാന ഭീതിയില്‍ ആനയിറങ്കല്‍ നിവാസികള്‍
രാജാക്കാട്: ആനയിറങ്കല്‍ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസ്സം രാത്രി തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ എത്തിയ ഒറ്റയാന് വീടുകള്‍ തകര്‍ത്തു. വി ജോണ്സണ്, എം ഗോപാല്‍ എന്നിവരുടെ വീടുകളാണ് ഒറ്റയാന് തകര്‍ത്തത്. ഇരുവരുടേയും വീടുകളുടെ മേച്ചില്‍ ഷീറ്റുകളും ശൗചാലയങ്ങളുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെയാണ് ആനയിറങ്കല്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എത്തിയ കാട്ടാന ഒന്നര മണിക്കൂറോളം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.
ഒരാഴ്ച്ച കാലമായി ഒറ്റയാന് ഈ മേഖലയില്‍ പല പ്രദേശങ്ങളിലായി ഇത്തരത്തില്‍ അക്രമണങ്ങല്‍ നടത്തുന്നുണ്ടെന്ന് കോളനി നിവാസികള്‍ പറയുന്നു. മണിക്കൂറുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിന്ന കാട്ടാനയെ പിന്നീട് കോളനി നിവാസികള്‍ പാട്ടകൊട്ടിയും മറ്റുമായി തുരത്തുകയായിരുന്നു. അടിക്കടിയുണ്ടാകുന്ന കാട്ടനാ അക്രമണത്തിന് പരിഹാരം കാണന്നതിന് സോളാര്‍ വേലികളടക്കം സ്ഥാപിച്ച് സുരക്ഷിതത്വം ഒരുക്കണമെന്ന് ഇവര്‍ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."