സര്‍വിസ് സ്റ്റേഷനിലെ കൊല: ഇതരസംസ്ഥാന പ്രതികളെ വെറുതേ വിട്ടു
കാസര്‍കോട്: സര്‍വിസ് സ്റ്റേഷനില്‍ സഹതൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
പ്രതികളായ രഞ്ജന്‍കുമാര്‍, സോനു, പങ്കജ്, എന്നീ ബിഹാര്‍ സ്വദേശികളെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി സാനു പണിക്കര്‍ കുറ്റക്കാരല്ലെന്നു കണ്ടു വെറുതെവിട്ടത്. പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധി ന്യായത്തില്‍ കോടതി പ്രസ്താവിച്ചു.
2012 ഒക്‌ടോബര്‍ 19നാണു കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് അതിഞ്ഞാലിലുള്ള കെ.വി.അബ്ദുല്‍ റഹിമാന്‍ ഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ.വി കാര്‍വാഷിങ് ആന്‍ഡ് സര്‍വിസ് സ്റ്റേഷന്‍ എന്ന സ്ഥാപനത്തിലെ തൊഴിലാളി ഇബ്രാഹിമാണു കൊല്ലപ്പെട്ടത്.
സംഭവദിവസം ഉച്ചയ്ക്ക് പണിചെയ്യാതെ വെറുതെ ഇരിക്കുകയായിരുന്ന സഹതൊഴിലാളികളായ പ്രതികളോട് ഇബ്രാഹിം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് സര്‍വിസ് സ്റ്റേഷനില്‍ ഉപയോഗിക്കുന്ന കംപ്രസ്സീവ് എയര്‍പൈപ്പ് ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ കയറ്റി കാറ്റടിക്കുകയും ഇതേത്തുടര്‍ന്ന് ഇബ്രാഹിമിന്റെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റുകയും തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സക്കിടെ ഇബ്രാഹിം മരിച്ചതുമായാണ് പ്രോസിക്യൂഷന്‍ കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ കുട്ടമത്തും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷന്‍, കെ.കുമാരന്‍നായര്‍ എന്നിവരും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."