സര്‍വേയര്‍ ബാങ്ക് പദ്ധതിക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു
തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ സര്‍വേയര്‍ ബാങ്ക് പദ്ധതിക്കു വീണ്ടും ജീവന്‍വയ്ക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ 2014ല്‍ പ്രഖ്യാപിച്ച പദ്ധതിക്കാണ് ഈ സര്‍ക്കാര്‍ പുതുജീവന്‍ നല്‍കുന്നത്. സംസ്ഥാനത്തെ റീസര്‍വേ പൂര്‍ത്തിയാക്കാന്‍ സര്‍വേയര്‍മാരെ കണ്ടെത്താനുള്ള പദ്ധതിയായാണ് റവന്യൂവകുപ്പ് സര്‍വേയര്‍ ബാങ്ക് തുടങ്ങാന്‍ തീരുമാനിച്ചത്.
രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പദ്ധതി പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയായിരുന്നു. സര്‍വേ വകുപ്പില്‍ പരിചയസമ്പന്നരായ സര്‍വേയര്‍മാരുടെ അഭാവം രൂക്ഷമാണ്. ഇതു കണക്കിലെടുത്തായിരുന്നു പദ്ധതി. നിലവില്‍ വകുപ്പിലുള്ള കുറച്ചു സര്‍വേയര്‍മാരെക്കൊണ്ട് അധിക ജോലിയെടുപ്പിക്കുകയാണ് ചെയ്യുന്നത്.
ആധുനിക സര്‍വേ സംവിധാനങ്ങളായ ജി.പി.എസ്, ഇ.ടി.എസ്, ടോട്ടല്‍ സ്‌റ്റേഷന്‍ എന്നിവ ഉപയോഗിച്ചു സര്‍വേ നടത്തുന്നതിന് ഒരു പരിശീലന കേന്ദ്രം സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇവിടെനിന്നു പഠിച്ചിറങ്ങുന്നവര്‍ സര്‍വേ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ബാങ്കില്‍ അംഗത്വമുള്ളവരില്‍നിന്ന് ആളെ തെരഞ്ഞെടുക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ക്കു ജോലിയോ ബാങ്കില്‍ അംഗത്വമോ ലഭിക്കുന്നില്ലെന്നു സര്‍വേയര്‍മാര്‍ പറയുന്നു.
വിവിധ ജില്ലകളിലെ കൈയേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കല്‍, തോട്ടം ഉടമകള്‍ കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി കണ്ടെത്തല്‍, സര്‍ക്കാര്‍-സ്വകാര്യ ഭൂമികളുടെ സര്‍വേ, ഓപ്പറേഷന്‍ അനന്ത പോലുള്ള പ്രത്യേക സര്‍വേ, ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി ഭൂമിയുടെ സര്‍വേ, വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുന്ന റീസര്‍വേ എന്നിവ പാതിവഴിയിലാണ്.
സര്‍വേയര്‍മാരുടെ കുറവു പരിഹരിക്കാതെ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമികേരളം പദ്ധതിവഴി കോടികളാണ് മുടിച്ചത്. റീസര്‍വേ പ്രവര്‍ത്തനത്തിനുവേണ്ടി മാത്രം നടപ്പാക്കിയ ഈ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. റീസര്‍വേ പൂര്‍ത്തിയാക്കാന്‍ ഉപഗ്രഹ മാപ്പിങ് സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ എതിര്‍പ്പുണ്ടായതോടെ ഉപേക്ഷിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 54 വില്ലേജുകളുടെയും ഒന്‍പതു താലൂക്കുകളുടെയും റീസര്‍വേ മാത്രമാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ സ്വകാര്യ വ്യക്തികളുടെ 66,677 റീസര്‍വേ അപേക്ഷകളില്‍ പരിഹാരം കാണാനുണ്ട്. സബ്ഡിവിഷന്‍ ചെയ്ത വസ്തുവിന്റെ വിസ്തീര്‍ണ വ്യത്യാസം പരിഹരിക്കാന്‍ 7,123 അപേക്ഷകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."