ഷീന ബോറ കേസ്: ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ഡ്രൈവറെ മാപ്പുസാക്ഷിയാക്കി
മുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കേസില്‍ മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവാര്‍ റായിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ കോടതി തീരുമാനിച്ചു.
കേസ് നടക്കുന്ന മുംബൈ സി.ബി.ഐ കോടതിയില്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ചാണ് ശ്യാംവാര്‍ റായിയെ മാപ്പുസാക്ഷിയാക്കാന്‍ തീരുമാനിച്ചത്. എല്ലാകാര്യങ്ങളും താന്‍ പറയാമെന്നും ഷീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തന്റെയും കുറ്റാരോപിതരായ എല്ലാവരുടേയും പങ്ക് വ്യക്തമാക്കാമെന്നും ഇയാള്‍ കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റായിയെ മാപ്പുസാക്ഷിയാക്കാന്‍ കോടതി തീരുമാനിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇയാളുടെ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു.
അറിയാവുന്ന കാര്യങ്ങളെല്ലാം പറയാന്‍ ജഡ്ജ് എസ്.എസ്.മഹാജന്‍ ആവശ്യപ്പെട്ടതോടെയാണു റായി തന്റെ നിലപാടുകള്‍ വെളിപ്പെടുത്താന്‍ തയാറായത്. നിങ്ങള്‍ക്കറിയാവുന്ന എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ പറയാനും എന്താണു കൊലയിലേക്ക് നയിക്കാനുണ്ടായ കാരണമെന്നും താങ്കളും മറ്റുള്ളവരും ഇതില്‍ വഹിച്ച പങ്ക് എന്താണെന്നും വ്യക്തമാക്കാന്‍ ജഡ്ജ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണു തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും വ്യക്തമാക്കാന്‍ തയാറാണെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചത്.
റായിയെ ഒരിക്കലും പ്രതിയായി കണക്കാക്കിയിരുന്നില്ലെന്നും അദ്ദേഹത്തെ സാക്ഷിയായിട്ടാണ് കേസിന്റെ തുടക്കംമുതല്‍ കണക്കാക്കിയതെന്നും സി.ബി.ഐ അറിയിച്ചു. കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോഴാണ് തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ടു റായി കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കൊലപാതകത്തില്‍ തനിക്കും പങ്കുണ്ടെന്നും ഷീനബോറയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നും റായി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് എല്ലാ കാര്യങ്ങളും സത്യസന്ധതയോടെ വെളിപ്പെടുത്താന്‍ ജഡ്ജ് ആവശ്യപ്പെട്ടത്. തന്റെ വെളിപ്പെടുത്തലിനു പിന്നില്‍ സമ്മര്‍ദമോ ഭീഷണിയോ ഇല്ലെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ പറയുകയാണെന്നും റായി കോടതിയെ അറിയിച്ചിരുന്നു. റായിയുടെ പശ്ചാത്താപത്തെ പരിഗണിച്ചുകൊണ്ടാണ് അദ്ദേഹത്തെ മാപ്പു സാക്ഷിയാക്കാന്‍ കോടതി തീരുമാനിച്ചത്.
അതേസമയം റായിയുടെ ഹരജിയില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലത്തെക്ക് മാറ്റിയിരുന്നത്. ഇതിനിടയില്‍ റായിയെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ 164 വകുപ്പുപ്രകാരം ഇയാളുടെ വെളിപ്പെടുത്തലുകള്‍ രഹസ്യമൊഴിയായി കോടതി രേഖപ്പെടുത്തിയത്.
ഇന്ദ്രാണി മുഖര്‍ജിയുടെ മകളായിരുന്നു കൊല്ലപ്പെട്ട ഷീന ബോറ(24). 2012 ഏപ്രിലിലായിരുന്നു ഷീന കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഗ്നിക്കിരയാക്കി. കത്തിക്കരിഞ്ഞ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. 2015 ഓഗസ്റ്റിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മുംബൈ പൊലിസ് നടത്തിയ അന്വേഷണം പിന്നീട് സി.ബി.ഐക്കു കൈമാറുകയായിരുന്നു. കേസില്‍ പ്രതിയെന്ന് കണ്ടെത്തിയതോടെ ഇന്ദ്രാണിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇവരിപ്പോള്‍ മുംബൈ ബൈക്കുള വനിതാജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."