കോപ്പ അമേരിക്ക ശതാബ്ദിയില്‍ ഇനി സെമി പോരാട്ടങ്ങള്‍
ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി പോര് നാലു ടീമുകളിലേക്ക് ചുരുങ്ങി. ആതിഥേയരായ അമേരിക്ക, മുന്‍ ചാംപ്യന്‍മാരായ അര്‍ജന്റീന, നിലവിലെ ചാംപ്യന്‍മാരായ ചിലി, മുന്‍ ചാംപ്യന്‍മാരായ കൊളംബിയ ടീമുകള്‍ സെമി ഫൈനലില്‍ മത്സരിക്കാനിറങ്ങുന്നത്. നാളെയും മറ്റന്നാളുമായാണ് സെമി പോരാട്ടങ്ങള്‍. നാളെ ആതിഥേയരായ അമേരിക്ക- അര്‍ജന്റീനയുമായും രണ്ടാം സെമിയില്‍ ചിലി- കൊളംബിയ പോരും അരങ്ങേറും. ആദ്യ ഫൈനല്‍ ഫേവറേറ്റുകളെ നാളെയറിയാം. ഹുസ്റ്റണിലെ എന്‍.ആര്‍. ജി സ്റ്റേഡിയത്തില്‍ നാളെ രാവിലെ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ അമേരിക്കയോ ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ അര്‍ജന്റീനയോ ഫൈനലില്‍ കളിക്കുക എന്നതിന് വിധിയാകും.
2014 ബ്രസീല്‍ ലോകകപ്പിലും ശേഷം നടന്ന കോപ്പ അമേരിക്കയിലും ഫൈനലില്‍ ആയുധം വച്ചു കീഴടങ്ങിയ അര്‍ജന്റീനക്ക് ഫൈനലില്‍ പ്രവേശിച്ചേ മതിയാവു. രണ്ടു തവണ കിരീടം കപ്പിനും ചുണ്ടുനുമിടയില്‍ നഷ്ടപ്പെട്ടതിന് ഇത്തവണ പ്രായശ്ചിതം ചെയ്യാനൊരുങ്ങി തന്നെയാണ് മെസ്സിയുടെയും സംഘത്തിന്റെയും വരവ്. അതേസമയം സ്വന്തം നാട്ടുകാരുടെ മുമ്പില്‍ മുന്‍ ചാംപ്യന്‍മാരെ അട്ടിമറിച്ച് ഫൈനലില്‍ പ്രവേശിക്കാമെന്നു മാത്രമാണ് അമേരിക്കയുടെ സ്വപ്നം. അര്‍ജന്റീനയെ ഏതെങ്കിലും നിലക്ക് മറികടന്നാല്‍ ചരിത്രമായിരിക്കും അമേരിക്ക സൃഷ്ടിക്കുന്നത്.
ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സിയും ഗോണ്‍സാലോ ഹിഗ്വയ്‌നും സെര്‍ജിയോ അഗ്യെറോയും ഹാവിയര്‍ മഷറാനോയും എയ്ഞ്ചല്‍ ഡി മരിയയുമടങ്ങുന്ന പ്രതിഭാ സമ്പന്നമായ അര്‍ജന്റീനയെ പിടിച്ചുകെട്ടാന്‍ അമേരിക്കക്ക് നന്നായി വിയര്‍ക്കേണ്ടിവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2014ലെ ഫൈനിലെ തോല്‍വിക്കു ശേഷം അര്‍ജന്റീനയുടെ ചുക്കാനേറ്റടുത്ത മുന്‍ ബാഴ്‌സലോണ മാനേജര്‍ ജറാര്‍ഡോ മാര്‍ട്ടിനേയ്ക്ക് ടീമിനെ കപ്പടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് യാതൊരു ലക്ഷ്യവുമില്ല. ജയം മാര്‍ട്ടിനോക്ക് നിലനില്‍പ്പിന്റെ വിഷയം കൂടിയാണ്.
നിലവില്‍ അര്‍ജന്റീന മികവിന്റെ ഔന്നത്യത്തിലാണ്. സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണ് ടീമിന്റെ കരുത്ത്. ഇക്വഡോറിനെ നാലു ഗോളിന് തകര്‍ത്തു സെമിയിലേക്ക് മുന്നേറിയപ്പോള്‍ രണ്ടു ഗോളിനു വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത മെസ്സി തന്നെയായിരുന്നു കളിയിലെ താരവും. ഈ ടൂര്‍ണമെന്റില്‍ നാലു ഗോള്‍ നേടിയ മെസ്സി ഗോള്‍ സ്‌കോറിങില്‍ ചിലി താരം വര്‍ഗാസിനു തൊട്ടുതാഴെയാണ്. ഒപ്പം പാറ പോലെ ഉറച്ചു നല്‍ക്കുന്ന ഗോളി റൊമേറോയും പന്തെത്തിച്ചു കൊടുക്കാന്‍ അഗസ്‌തോ ഫെര്‍ണാണ്ടസും എവര്‍ ബനേഗയും ഒന്നിക്കുന്നതും അവര്‍ക്ക് കരുത്താകുന്നു.
മറുകരയില്‍ യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ ശിക്ഷണത്തിലെത്തുന്ന അമേരിക്കയും സെമിക്ക് പൂര്‍ണ സജ്ജമാണ്. ബോബി വുഡും ക്ലിന്റ് ഡെംപ്‌സിയും ഗ്യാസി സാഡസും നയിക്കുന്ന മുന്നേറ്റ നിര ഫോമിലേക്കുയര്‍ന്നാല്‍ ചരിത്ര നിമിഷത്തിന് കോപ്പ സാക്ഷിയാവും.
തുടക്കത്തില്‍ തപ്പിത്തടഞ്ഞെങ്കിലും ഓരേ മത്സരം കഴിയും തോറും പ്രകടനം മെച്ചപ്പെടുത്തിയാണ് ആതിഥേയരെത്തുന്നത്. അതുകൊണ്ടു തന്നെ അര്‍ജന്റീന കരുതി തന്നെയാവും പോരിനിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."