ആദ്യ അന്താരാഷ്ട്ര വിജയവുമായി അല്‍ബേനിയ
ലിയോണ്‍: റൊമാനിയയെ അട്ടിമറിച്ച് യൂറോ കപ്പില്‍ ജയം കുറിച്ച അല്‍ബേനിയ അന്താരാഷ്ട്ര രംഗത്തെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഒരു സുപ്രധാന ഫുട്‌ബോള്‍ മത്സരത്തില്‍ ഈ രാജ്യത്തിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ ദിവസം റൊമാനിയക്കെതിരേ നടന്ന മത്സരത്തില്‍ ഒരുഗോളിനാണ് അല്‍ബേനിയ ചരിത്ര വിജയം നേടിയത്.
പത്താം നമ്പര്‍ താരം അര്‍മാന്‍ഡോ സദിക്കുവിന്റെ ഗോളിലാണ് മറക്കാനാവാത്ത വിജയം അവര്‍ നേടിയത്. ജയത്തോടെ യൂറോയിലെ നോക്കൗട്ടിലേക്കുള്ള നേരിയ സാധ്യത അല്‍ബേനിയ നിലനില്‍ത്തി. മറ്റു ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരുടെ പോയിന്റ് നിലവാരമനുസരിച്ചായിരിക്കും അല്‍ബേനിയയുടെ സാധ്യത.
ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുള്ളതിനാല്‍ കളി വരുതിയിലാക്കി വന്‍ മാര്‍ജിനില്‍ ജയിക്കാനുറച്ചായിരുന്നു ഇരു ടീമുകളും കളത്തിലിറങ്ങിയത്. ആദ്യ നിമിഷങ്ങളില്‍ തന്നെ അക്രമിച്ചാണ് അല്‍ബേനിയയും റൊമേനിയും തുടങ്ങിയത്.
4-3-2-1 പൊസിഷനിലായിരുന്നു അല്‍ബേനിയയുടെ കളി. അര്‍മാന്‍ഡോ സെദികുവിനായിരുന്നു ഗോളടിക്കാനുള്ള ചുമതല. കോച്ച് തന്നിലേല്‍പ്പിച്ച വിശ്വാസത്തെ ന്യായീകരിച്ച് 42ാം മിനുട്ടിലായിരുന്നു താരത്തിന്റെ ഗോള്‍.
വലതു വിങ്ങില്‍ നിന്നുള്ള ത്രോ ഇന്‍ ബോള്‍ കൈകലാക്കി ലെഡിയന്‍ മെമുഷാജ് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്ത് ക്രോസ് ചെയ്തു. കാര്യമായ മാര്‍ക്കിങ്ങില്ലാതെ നിന്നിരുന്ന സെദികു പന്ത് ഒന്നാന്തരം ഒരു ഹെഡ്ഡിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് തള്ളിവിട്ടപ്പോള്‍ ഗോളിക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
മറുവശത്ത് ക്രിസ്റ്റ്യന്‍ സപ്നരുവിലനും ഡ്രാഗോസ് ഗ്രിജോറിനുമായിരുന്നു ആക്രമണത്തിന്റെ ചുമതല. ആദ്യ പകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയതോടെ റൊമാനിയ ഉണര്‍ന്നു കളിച്ചെങ്കിലും സമനില പിടിക്കാനായില്ല.
തോല്‍വിയോടെ എ ഗ്രൂപ്പില്‍ റൊമാനിയക്ക് ഒരു പോയിന്റും അല്‍ബേനിയക്ക് മൂന്നു പോയിന്റുമായി. റൊമാനിയയുടെ സാധ്യതകള്‍ അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."