പാരമ്പര്യംകാത്ത് വീണ്ടും ഇളമുറക്കാരന്‍; തലക്കോട് തറവാടിന് റാങ്കിന്റെ പുണ്യകാലം
കോഴിക്കോട്: വര്‍ഷങ്ങള്‍ക്കു മുന്‍പ് മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ ബി.എയില്‍ മൂന്നാംറാങ്ക് നേടിയ വല്യുപ്പ, ഓട്ടോ മൊബൈല്‍ എന്‍ജിനിയറിങില്‍ ഒന്നാംറാങ്ക് നേടിയ പിതാവ്, മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്‍പതാം റാങ്ക് ജേതാവായ ജ്യേഷ്ഠനും 142 ാം റാങ്കുകാരിയായ ജ്യേഷ്ഠത്തിയും. വീണ്ടും റാങ്കുമായി ഇളം തലമുറക്കാരന്‍ മുഹമ്മദ് അബ്ദുല്‍ മജീദ് അമീന്‍ എത്തിയപ്പോള്‍ കോഴിക്കോട്ടെ തലക്കോട് തറവാടിനിത് റാങ്കിന്റെ പുണ്യകാലം.
ഇത്തവണത്തെ കേരള എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ആറാംറാങ്ക് നേടിയാണ് അമീന്‍ തറവാടിന്റെ റാങ്ക് പാരമ്പര്യം നിലനിര്‍ത്തിയത്. ആദ്യ പത്തു റാങ്കുകള്‍ക്കുള്ളില്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഫലം അമീനും കുടുംബത്തിനും ഇരട്ടിമധുരമായി.
പത്താംക്ലാസ് പാസായപ്പോള്‍ മുതല്‍ കൃത്യമായ ലക്ഷ്യവും ആത്മവിശ്വാസവും അമീനുണ്ടായിരുന്നു. അതുകൊണ്ടാണ് തൃശൂരിലെ പി.സി തോമസിന്റെ അക്കാദമിയില്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേരാനായി അമീന്‍ പ്ലസ്ടു പഠനത്തിനായി ചാലക്കുടിയിലെ വിജയഗിരി പബ്ലിക്‌സ്‌കൂള്‍ തിരഞ്ഞെടുത്തതും അവിടെത്തന്നെ പോയി പഠിച്ചതും. ഏത് സമയവും ചടഞ്ഞിരുന്ന് ചിട്ടയായി പഠിക്കുന്ന സ്വഭാവമൊന്നും ഇല്ലെങ്കിലും പഠിക്കുന്നത് മനസിരുത്തി പഠിക്കുമായിരുന്നെന്ന് അമീന്‍ പറയുന്നു. ആരും കൊതിക്കുന്ന വിജയം കൈപ്പിടിയിലൊതുക്കിയപ്പോഴും അതിന്റെ സന്തോഷം പങ്കിടാന്‍ പിതാവ് കൂടെയില്ലാത്തതു മാത്രമാണ് അമീനിനെ നൊമ്പരപ്പെടുത്തുന്നത്.
അമീനിന്റെ പിതാവ് ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ടി യൂസഫ് സിദീഖ് വര്‍ഷങ്ങള്‍ക്കു മുന്‍പ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. പിതാവിന്റെ അഭാവത്തിലും മകന് പിന്തുണയും പ്രോല്‍സാഹനവും നല്‍കി മാതാവ് നജീനയും സഹോദരങ്ങളായ ഡോ. ഐഷ ഇര്‍ഫാനും ഡോ. മുഹമ്മദ് അബ്ദുല്‍ മജീദ് അന്‍സാരിയും, വല്യുപ്പ എം.എ മുഹമ്മദും സദാകൂടെയുണ്ട്.
തന്റെ വിജയം ദൈവത്തിനും വീട്ടുകാര്‍ക്കും പഠിച്ച സ്ഥാപനത്തിനും അര്‍ഹതപ്പെട്ടതാണെന്ന് പറയുന്ന ഈ പതിനെട്ടുകാരന് മദ്രാസ് ഐ.ഐ.ടിയില്‍ കംപ്യൂട്ടര്‍ സയന്‍സിന് പഠിക്കണമെന്നാണ് ആഗ്രഹം.
ഒപ്പം ഇനിയുമേറെ റാങ്കുകള്‍ വാരിക്കൂട്ടി, കോഴിക്കോട് താലൂക്കിലെ ആദ്യ നിയമബിരുദധാരിയും ന്യായാധിപനുമായ വല്യുപ്പ റിട്ട. ജഡ്ജ് ടി. അബ്ദുല്‍ മജീദിന്റെ പേരും പെരുമയും തന്നിലൂടെ ഇനിയും ഉയര്‍ത്തണമെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."