ഇസാ ഖാസിമിന്റെ പൗരത്വം റദ്ദാക്കിയതില്‍ ബഹ്‌റൈന് ഇറാന്റെ മുന്നറിയിപ്പ്
മനാമ: പ്രമുഖ ശിഈ പണ്ഡിതന്‍ ഇസാ ഖാസിമിന്റെ പൗരത്വം റദ്ദാക്കിയതില്‍ ബഹ്‌റൈന് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് മതസ്പര്‍ധ വളര്‍ത്തുന്നുവെന്നും രാജ്യപരമാധികാരത്തെ മാനിക്കാതെ വിദേശതാല്‍പ്പര്യത്തിനും ലഹളയ്ക്കും കൂട്ടുനില്‍ക്കുന്നുവെന്നും ആരോപിച്ച് ബഹ്‌റൈന്‍ ഇസാ ഖാസിമിന്റെ പൗരത്വം റദ്ദ് ചെയ്തത്.
ശിഈ പണ്ഡിതനായ ഇസാ ഖാസിം മതപരമായ പദവി ഉപയോഗിച്ച് ബഹ്‌റൈനില്‍ ഷിയ മുസ്‌ലിംകളെ രാജ്യത്തിനെതിരേ തിരിച്ചുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാനകുറ്റം ഇതിനായി അദ്ദേഹം ഇറാന്റെ സഹായം തേടിയിരുന്നതായും ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം പറഞ്ഞിരുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇസാ ഖാസിമിന്റെ പൗരത്വം റദ്ദാക്കിയ തീരുമാനം നീക്കം ചെയ്യണമെന്ന് റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തീര്‍ച്ചയായും ബഹ്‌റൈന്‍ അധികാരികള്‍ ഇതിന് വില നല്‍കേണ്ടി വരുമെന്ന് ജനറല്‍ ഖാസിം പറഞ്ഞതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഫാര്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസാ ഖാസിമിന്റെ പൗരത്വം റദ്ദ് ചെയ്തതില്‍ നിരവധി ഖാസിം അനുകൂലികളാണ് ശിഈ ഗ്രാമമായ പടിഞ്ഞാറന്‍ ദിറസില്‍ പ്രകടനം നടത്തിയത്.
ഖാസിമിന്റെ അക്കൗണ്ടില്‍ 10 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. ഇത് എങ്ങനെ ചെലവഴിച്ചുവെന്നും ഇതിന്റെ ഉറവിടം എവിടെയാണെന്നും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ബഹ്‌റൈനി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശിഈകളുടെ പ്രധാനസംഘടനയായ വെഫക് ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് സൊസൈറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ബഹ്‌റൈന്‍ കഴിഞ്ഞദിവസം മരവിപ്പിച്ചിരുന്നു. സംഘടനാ നേതാവായ ശിഈ പുരോഹിതന്‍ ശെയ്ഖ് അലി സല്‍മാന്‍ ഇപ്പോള്‍ ജയിലിലാണ്. അദ്ദേഹത്തിന്റെ ശിക്ഷാ കാലാവധി ഈയടുത്ത് ഒമ്പത് വര്‍ഷമായി ദീര്‍ഘിപ്പിച്ചിരുന്നു. 2015ലാണ് ജനങ്ങളില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതിനും വിഘടനവാദം വളര്‍ത്തിയതിനും അലി സല്‍മാനെ ബഹ്‌റൈന്‍ ജയിലിലടച്ചത്.
ഇസാ ഖാസിമിന്റെ പൗരത്വം റദ്ദ് ചെയ്ത ബഹ്‌റൈന്റ ഈ തീരുമാനത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍, ബഹ്‌റൈന്‍ നിയമമനുസരിച്ച് മന്ത്രിസഭയ്ക്ക് ഇതിന് അധികാരമുണ്ട്. ശിഈ വിഭാഗത്തിലെ 200ഓളം പേരുടെ പൗരത്വം ഇതിനകം ബഹ്‌റൈനില്‍ റദ്ദ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."