സി.പി.എം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവില്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായ എം.എല്‍.എ കെ ദാസന് പകരം മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.കെ മുഹമ്മദിനെ വീണ്ടും സെക്രട്ടറിയാക്കി. നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലെ വി.എസ് പക്ഷക്കാരായ ടി.കെ രാജേഷ് എ.പി ഉണ്ണികൃഷ്ണന്‍, കെ സുജിത്ത് എന്നിവര്‍ പാര്‍ട്ടി സമ്മേളനത്തില്‍ മത്സരിച്ചിരുന്നെങ്കിലും ഇവര്‍ പരാജയപ്പെടുകയായിരുന്നു.
എന്നാല്‍ തങ്ങളെ വിഭാഗീയതയുടെ പേരില്‍ മനപ്പൂര്‍വം തോല്‍പിക്കുകയായിരുന്നുവെന്ന് പറഞ്ഞ് ഇവര്‍ ഏരിയാ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുകയുണ്ടായി. ഇതേ തുടര്‍ന്ന് അഡ്വ. കെ സത്യന്‍, കന്മന ശ്രീധരന്‍, ടി.കെ ചന്ദ്രന്‍ എന്നിവരെ അന്വേഷണ കമ്മിഷനായി നിയമിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഏരിയാ കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും സമര്‍പിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് പഠിച്ച ശേഷം ജില്ലാ കമ്മിറ്റി മൂന്നു പേരെയും തിരിച്ചെടുക്കുകയോ കമ്മിറ്റി പിരിച്ചുവിടുകയോ ചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടത്. ടി.കെ ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍, കെ ദാസന്‍, പി വിശ്വന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."