കടലില്ലെങ്കിലും വയനാടിനിത് ചാകരക്കാലം
തരവണ: മഴ പെയ്തു തുടങ്ങി, ഇനി പുഴയും തോടും വയലുകളും നിറയും. പിന്നെ ചാകര കാലമാണ്. കടലില്ലെങ്കിലും മാമലനാട്ടിലുമുണ്ട് ചാകരക്കാലം. അന്യജില്ലകളിലെ കടലുകളിലേക്ക് വള്ളമിറങ്ങിയില്ലെങ്കിലും വയനാടന്‍ അടുക്കളകളില്‍ കുടംപുളിയിട്ടുവെക്കാന്‍ പുഴകള്‍ കരകളിലേക്ക് മീനെത്തിക്കും. മഴ ശക്തമായി പുഴ നിറഞ്ഞൊഴുകുന്നതോടെ പുഴക്കരകളും വയല്‍ വരമ്പുകളും വയനാടന്‍ മുക്കുവന്‍മാര്‍ കൈയടക്കും.
കൊടും മഴയത്തും കുടയും പ്ലാസ്റ്റിക് കോട്ടുകളും ധരിച്ച് പുഴക്കരയില്‍ ചാകര കൊയ്ത്തിന് ആളുകളിരിക്കുന്നത് മാമലനാട്ടില്‍ പതിവു കാഴ്ചയാണ്. പുഴകള്‍ നിറഞ്ഞ് കരകവിയുമ്പോള്‍ വെള്ളത്തോടൊപ്പം കരയിലേക്കെത്തുന്ന മീനുകളാണ് മാമലനാട്ടിലെ വര്‍ഷകാല ചാകര. കരയിലേക്കെത്തുന്ന മീനുകളെ മാത്രമല്ല, ഒഴുക്കു കൂടുതലുള്ള പുഴകളില്‍ വലയെറിഞ്ഞും മീന്‍ കരയിലെത്തിക്കുന്ന പരിചയ സമ്പന്നരായ മുക്കുവരും ജില്ലയിലുണ്ട്. കൈകൊണ്ടും ചൂണ്ട, ചട്ടിക്കെണി, വീശുവല എന്നിങ്ങനെ മീന്‍പിടിത്തക്കാരുടെ ആയുധങ്ങള്‍ നിരവധിയാണ്. തോടിന് കുറുകെ വേലി കെട്ടിയടക്കം മീന്‍ കുട്ടയിലാക്കുന്ന വിരുതന്‍മരുമുണ്ട്. ചാകര കൊയ്തിന് പകലും രാത്രിയും പുഴക്കരയില്‍ തങ്ങുന്നവരും നിരവധിയാണ്. ഇതിനായി മരത്തിലും പുഴക്കരയിലും താല്‍ക്കാലിക ടെന്റുകള്‍ വരെ ഉയരും. വര്‍ഷകാല മീന്‍ കൊയ്തിന് പേരുകേട്ടത് പനമരം പുഴയാണ്.
കര്‍ണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടില്‍ നിന്ന് കബനിയുടെ ഓളപ്പരപ്പിലൂടെ ഒഴുകി പനമരം പുഴയിലെത്തുന്ന മത്സ്യങ്ങള്‍ വെള്ളം നിറയുന്നതോടെ പ്രദേശത്തെ എല്ലാ തോടുകളിലേക്കും ചേക്കേറും. ഇതോടെ മീന്‍ പിടിത്തക്കാരും സജീവമാകും.
പനമരം പുഴ നിറയുന്നതോടെ പുതുശ്ശേരി, കുന്നമംഗലം, പാലിയണ, കരിങ്ങാരി, വള്ളൂര്‍ക്കാവ്, വാളാട്, പടിഞ്ഞാറത്തറ, കുപ്പാടിത്തറ, വെണ്ണിയോട്, കല്‍പ്പറ്റ എന്നിവിടങ്ങളിലെ മീന്‍ പിടുത്തക്കാര്‍ ഉറക്കമൊഴിച്ച് വലയുമായി കാത്തിരിക്കും. വര്‍ഷത്തിലെ ചാകര കുട്ടയിലാക്കാന്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരി കടവിന് താഴെ കുന്നമംഗലം തോടുകളില്‍ മുള്ളുവേലികള്‍ ചാരിയുള്ള മീന്‍ പിടിത്തം കൗതുക കാഴ്ച തന്നെയാണ്. മീനുകള്‍ക്ക് തിരികെ പുഴയിലേക്കെത്താന്‍ കഴിയാത്ത തരത്തിലാണ് വേലിക്കെണി ഒരുക്കുന്നത്. ഇവിടെ രാത്രി വൈകിയും മീന്‍ പിടിത്തം തുടരും. ഇതിനായി മഴ പെയ്തു തുടങ്ങിയതോടെ ഏറുമാടങ്ങള്‍ വരം ഒരുക്കി കഴിഞ്ഞിട്ടുണ്ട്. കിട്ടിയ മീന്‍ പൊരിച്ചും മറ്റുമാണ് ചാകര കൊയ്ത്തിനുള്ള കാത്തിരിപ്പിന്റെ വിരസത അകറ്റുന്നത്. ഏതായാലും മഴ പെയ്തു തുടങ്ങിയതോടെ മീനുകള്‍ക്ക് കെണികളുമായി പുഴക്കരകളില്‍ ആളുകള്‍ നിറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."