രാജനെതിരേ പട്ടികജാതി കമ്മിഷനു പരാതി
തലശ്ശേരി: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷനു മുന്നില്‍ കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് രാജനെതിരെ നാലു സി.പി.എം പ്രവര്‍ത്തകര്‍ പരാതിനല്‍കി. കുനിയില്‍ രാജനും കുടുംബവും പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍ മുമ്പാകെ പരാതി സമര്‍പ്പിച്ചത്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്ന വേളയില്‍ പ്രദേശത്തെ ഇടതുപക്ഷ പ്രവര്‍ത്തകരായവരെ നിരന്തരം പലതരത്തിലും പീഡിപ്പിക്കുകയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരുടെ വസ്തുവില്‍ രാജന് അതിക്രമിച്ച് കയറുകയാണെന്നും പരാതിയില്‍ ഇവര്‍ ഉന്നയിക്കുന്നു. രാജനെയും മക്കളെയും മര്‍ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നുമുള്ള പരാതിയെ തുടര്‍ന്നു ജയിലിലടയ്ക്കപ്പെട്ട സി.പി.എം പ്രവര്ത്തകന് ഷിജിലിന്റെ മാതാപിതാക്കളായ ശശിധരനും ഷീലയും കമ്മിഷനു മുന്നിലെത്തി.
രാജനും മക്കളും കള്ളപ്പരാതി നല്‍കിയതാണു മകനെ ജയിലിലടക്കാന്‍ കാരണമെന്ന് ഇവര്‍ പരാതിപ്പെട്ടു. പരാതിയെക്കുറിച്ച് പഠിച്ച് നടപടി സ്വീകരിക്കുമെന്നു കമ്മിഷന് ഉറപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."