വാഗ്ദാനങ്ങള്‍ പെരുമഴയില്‍ ഒലിച്ചുപോയി
ഉദുമ: മൂന്നുവര്‍ഷം മുന്‍പ് കാസര്‍കോടു മുതല്‍ കാഞ്ഞങ്ങാട് സൗത്തു വരെയുള്ള സംസ്ഥാനപാതയുടെ പുനരുദ്ധാരണ പ്രവൃത്തി കാസര്‍കോട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു നാട്ടുകാര്‍ക്കുമേല്‍ വര്‍ഷിച്ചത്. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി പ്രൊജക്ട് മാനേജ്‌മെന്റ് വിഭാഗം 133 കോടി രൂപ ചെലവില്‍ 27.75 കിലോമീറ്റര്‍ റോഡ് രണ്ടു വര്‍ഷം കൊണ്ട് ഹൈടെക് നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം നീട്ടിവാങ്ങിയിരിക്കുകയാണ് കെ.എസ്.ടി.പി. ഇതിനിടയില്‍ ക്രമക്കേടുകളും പ്രതിഷേധങ്ങളും ഏറെ കണ്ടു. നല്‍കിയ വാഗ്ദാനങ്ങളെല്ലാം'മഴയത്ത് ഒലിച്ചു പോവുന്നതാണ്' പിന്നീട് കണ്ടത്.
പാത നവീകരണം ആരംഭിച്ച ഘട്ടത്തില്‍തന്നെ മഴക്കാലത്ത് ചന്ദ്രഗിരിയിലും ചളിയംകോട്ടും കുന്നിടിച്ചിലുണ്ടായി. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും ദേശീയപാതവഴി തിരിച്ചുവിട്ടാണ് പ്രവൃത്തി ആരംഭിച്ചത്.
ചളിയംകോട് പാലത്തിന്റെ നിര്‍മാണവും ഏറെ നീണ്ടു. ആവശ്യത്തിന് ജോലിക്കാരും യന്ത്രവസ്തു സാമഗ്രികളുമില്ലാതെ പ്രവൃത്തി ഇഴഞ്ഞുനീങ്ങിയപ്പോള്‍ മഴക്കാലം വീണ്ടുംവന്നു. ഇതിനിടയില്‍ കാഞ്ഞങ്ങാട്ട് പെട്ടെന്നാരംഭിച്ച പ്രവൃത്തിയില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് നഗരസഭ രംഗത്തുവന്നതോടെ ജോലി നിര്‍ത്തിവക്കേണ്ടി വന്നു.
പാതയോരത്തെ 200ലേറെ മരങ്ങള്‍ വെട്ടിമുറിച്ചതില്‍ അഴിമതിയും പരിസ്ഥിതി ആഘാതവുമുണ്ടെന്നാരോപിച്ചും നാട്ടുകാര്‍ പ്രതിഷേധിച്ചു.
ജോലി പൂര്‍ത്തിയായ സ്ഥലങ്ങളില്‍ സിഗ്നല്‍ സംവിധാനമേര്‍പ്പെടുത്താത്തതിനാല്‍ അപകടങ്ങളും നിത്യമായി. കുന്നിടിച്ചിലില്‍ വീടുകള്‍ തകര്‍ന്ന സാഹചര്യം വന്നിട്ടും കെ.എസ്.ടി.പി എന്‍ജിനീയര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല.
ഏറ്റവുമൊടുവില്‍ പത്തു വര്‍ഷത്തിലേറെ റോഡ് നിലനില്‍ക്കുമെന്നറിയിച്ച റോഡും തകര്‍ന്നിരിക്കുകയാണിപ്പോള്‍. ഇതോടെ പാതയില്‍ കെട്ടിക്കിടക്കുന്ന വെള്ളം കൊട്ടയില്‍ കോരിയെടുത്ത് കളയേണ്ട ഗതികേടാണ് കെ.എസ്.ടി.പി തൊഴിലാളികള്‍ക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."