രാഷ്ട്രീയക്കാരുടേയും സമരക്കാരുടേയും ശ്രദ്ധയ്ക്ക് ; ഇത് സ്‌കൂള്‍ പരിസരമാണ് ...
കാഞ്ഞങ്ങാട്: പരിസരബോധമില്ലാതെ ചടങ്ങുകള്‍ക്കും സമരങ്ങള്‍ക്കും ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തിനു മുന്നില്‍ വേദികെട്ടുയാണ് രാഷ്ട്രീയക്കാരും സമരക്കാരും.
പരിപാടികളും ചടങ്ങുകളും സ്‌കൂളിനു മുന്നില്‍വച്ച് സംഘടിപ്പിക്കുമ്പോള്‍ വേദിക്കു പിന്നില്‍ ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ടെന്ന കാര്യം ഇവര്‍ സൗകര്യപൂര്‍വം മറക്കുകയാണ്. ഇതോടെ സ്‌കൂള്‍ കവാടം താല്‍ക്കാലികമായി അടയുകയും സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ കോംപൗണ്ടിനകത്ത് പ്രവേശിക്കാനാകാതെ വഴിയില്‍ കിടക്കുകയും ചെയ്യുന്നു.
സ്‌കൂള്‍ പരിസരങ്ങളിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇവയുടെ ഹോര്‍ണുകള്‍പോലും പഠനത്തിന് വിഘാതം സൃഷ്ട്ടിക്കരുതെന്നാണ് നിയമം. എന്നാല്‍ ഹൊസ്ദുര്‍ഗ് സ്‌കൂളിന്റെ കവാടത്തിനു മുന്നിലായി വേദികെട്ടി മണിക്കൂറുകളോളം പൊതുപരിപാടികള്‍ നടത്തി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കുകയാണ്. പുറമെ ശബ്ദമലിനീകരണവും ഉണ്ടാകുന്നു. യഥേഷ്ടം രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും തോന്നുമ്പോള്‍ സ്‌കൂള്‍ ഗെയിറ്റിനു മുന്നില്‍ പന്തലിടുന്നതും ചടങ്ങുകള്‍ നടത്തുന്നതും നിത്യകാഴ്ചയാണ്.
നേതാക്കള്‍ക്ക് നേതാക്കള്‍ക്കും സ്വീകരണം നല്‍കുന്ന ചടങ്ങാണെങ്കില്‍ ശബ്ദസംവിധാനത്തിന് പുറമെ കതിനയും ബാന്‍ഡ്‌വിളിയും കുഴലൂത്തുമായി രംഗം കൊഴുപ്പിക്കുകയാണിവര്‍. ഇതെല്ലാം സഹിച്ചുവേണം ക്ലാസ്മുറികളില്‍നിന്നും കുട്ടികള്‍ക്ക് പഠനം നടത്താന്‍. വൈകിട്ട് നടക്കുന്ന ചടങ്ങുകള്‍ക്കുപോലും ഇവിടെ രാവിലെതന്നെ വഴിമുടക്കി വേദി ഉയരുന്നതും പതിവാണ്.
നിയമപാലകരും നഗരസഭാ അധികൃതരും തഹസില്‍ദാറും ആര്‍.ഡി.ഒ അധികാരികളും ഇരിക്കുന്ന ആസ്ഥാനങ്ങളുടെ മൂക്കിന് താഴെയാണ് ഈ നിയമവിരുദ്ധ ചടങ്ങുകള്‍ എന്നതാണ് പ്രഹസനം. ഇത്തരം ചടങ്ങുകള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പരാതിപ്പെടുന്നു. രാവിലെ മുതല്‍ പന്തലിടുന്നതോടെ സ്‌കൂള്‍ബസുകള്‍ പുറത്തിറക്കാനോ വിദ്യാര്‍ഥികളെയുംകൊണ്ട് തിരിച്ച് അകത്തുകയറാനോ സാധിക്കുന്നില്ല.
പുറമെ, പുതിയകോട്ടയില്‍ പലവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയെത്തുന്ന ആളുകള്‍ തങ്ങളുടെ വാഹനങ്ങള്‍ സ്‌കൂള്‍പരിസരത്ത് നിര്‍ത്തിയിടുന്നതും പതിവാണ്. സ്‌കൂളിലേക്കുള്ള വഴിമുടക്കി വാഹനങ്ങളും കിടക്കുന്നതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
നിരവധി തവണ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളും അധികൃതര്‍ കൈക്കൊണ്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇവിടെ ചടങ്ങുകള്‍ നടത്തുന്നതിന് അനുമതി നല്‍കുന്ന പൊലിസിന്റെ കൃത്യവിലോപമാണ് ഇതിനെല്ലാം കാരണമെന്ന് പറയുന്നവരും കുറവല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."