മനുഷ്യമനസിനെ ശുദ്ധീകരിക്കുന്ന പുണ്യമാസം
ഓര്‍മവച്ച നാള്‍ മുതല്‍ നോമ്പുതുറ മധുരിക്കുന്നതും ആ കൂട്ടായ്മകളിലെ സാഹോദര്യവും എനിക്ക് അനുഭൂതിയുമാണു പകര്‍ന്നുതന്നിരുന്നത്. മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകളിലെ അധ്യാപകരായിരുന്നു എന്റെ മാതാപിതാക്കള്‍. അമ്മ അഴീക്കോട് ചെമ്മരശ്ശേരിപ്പാറയിലെ ബോര്‍ഡ് മുസ്‌ലിം സ്‌കൂളിലാണു പഠിപ്പിച്ചിരുന്നത്. പിതാവ് ചപ്പാരപ്പടവ് മാപ്പിള സ്‌കൂളിലും. അതുകൊണ്ടുതന്നെ മുസ്‌ലിംകളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. നോമ്പുതുറ കാലത്ത് അച്ഛനും അമ്മയും വൈകുന്നേരം വീട്ടിലെത്തുന്നതു വിവിധതരം പലഹാര പൊതികളുമായിട്ടായിരിക്കും. പലപ്പോഴും ചെമ്മരശ്ശേരിപ്പാറയിലെ വീടുകളിലെ കുട്ടികള്‍ അമ്മയെ നോമ്പുതുറക്കായി ക്ഷണിക്കാറുണ്ട്. ചിലപ്പോള്‍ എന്നെയും കൂട്ടി അമ്മ അവരുടെ വീടുകളില്‍ പോവാറുണ്ട്. അഥവാ പോകാന്‍ സാധിച്ചില്ലെങ്കില്‍ കുട്ടികള്‍ അടുത്തദിവസം പലഹാര പൊതികളുമായി എത്തും. അക്കാലത്ത് വൈകുന്നേരങ്ങളില്‍ വിവിധ ആഹാരങ്ങളുടെയും പാല്‍ത്തരിയുടെയും നെയ്‌ച്ചോറിന്റെയും രുചിഭേദങ്ങളായിരുന്നു എന്നും.
1986 മുതല്‍ ഞാനും കുടുംബവും താമസിച്ചിരുന്നതു താണയിലെ വാടക ക്വാട്ടേഴ്‌സിലായിരുന്നു. അയല്‍പക്കത്ത് മുസ്‌ലിം വീടുകളായിരുന്നു. റമദാന്‍ കാലത്ത് ഓരോ വീടുകളില്‍ നിന്നും മത്സരിച്ചാണ് അവര്‍ നോമ്പുതുറ വിഭവങ്ങളുമായി എത്തിയിരുന്നത്. എന്റെ രണ്ടു പെണ്‍കുട്ടികളും പഠിച്ചിരുന്നതു കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു. സ്‌കൂളിലെ കൂട്ടുകാര്‍ മിക്കതും മുസ്‌ലിം സമുദായക്കാരായതിനാല്‍ അവര്‍ നോമ്പനുഷ്ഠിക്കാന്‍ ക്ഷണിക്കും. അവരുടെ കൂടെ പല നിമിഷങ്ങളിലും മക്കള്‍ നോമ്പനുഷ്ഠിക്കാറുണ്ട്.
ഇന്നു നോമ്പുകാലത്ത് പല സംഘടകളും എന്നെ സമൂഹ നോമ്പുതുറക്കു ക്ഷണിക്കാറുണ്ട്. മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മ കൂടിയായിരുന്നു അത്. എല്ലാ തിന്മകളില്‍ നിന്നും വിദ്വേഷത്തില്‍നിന്നും വര്‍ഗീയതയില്‍ നിന്നും മനുഷ്യമനസിനെ ശുദ്ധീകരിക്കുന്ന പുണ്യമാസമാണു റമദാന്‍. റമദാന്റെ സന്ദേശം ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുക, അതു തന്നെയാണു മനശുദ്ധിക്കായുളള മാര്‍ഗം. ഓരോ നോമ്പും ത്യാഗസുരഭിലവും നോമ്പുതുറയിലെ സാഹോദര്യവും മധുരിക്കുന്ന ഓര്‍മകളുമാണ്. അതുപോലെ ഓണവും വിഷുവും വന്നാല്‍ ഞങ്ങളുടെ വീട്ടില്‍ ഒരു മതേതര കൂട്ടായ്മയാണു കാണാനാവുക. അയല്‍വാസികളായ മുസ്‌ലിം സുഹൃത്തുക്കളും ഓണത്തിനും വിഷുവിനും ഒത്തുചേരും. അവരുമായി സൗഹാര്‍ദവും സന്തോഷവും പങ്കുവയ്ക്കും. അവരുടെ വീടുകളില്‍ ഓണസദ്യയും വിഷുസദ്യയും എത്തിക്കുന്നതു നല്ല ഒരനുഭവമായിരുന്നു. ഞാന്‍ താണയില്‍ നിന്നു താമസം മാറിയതോടെ മുസ്‌ലിംകളുമായുള്ള ഒത്തൊരുമിച്ച നോമ്പുതുറയും ഓണവും വിഷു ആഘോഷവുമെല്ലാം നഷ്ടമായിരിക്കുകയാണ്. അതിന്റ വല്ലാത്ത നഷ്ടബോധം എന്റെ മനസിലുണ്ട്. പരിശുദ്ധനായ അല്ലാഹു റമദാന്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്കു നന്മ ചൊരിയട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."