ആട് ആന്റണിയുടെ വിരലടയാളം പിടിയിലാകുന്നതിനു മുന്‍പ് തിരിച്ചറിഞ്ഞതായി മൊഴി
കൊല്ലം: പാരിപ്പള്ളിയില്‍ പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കുത്തിക്കൊന്ന ആട് ആന്റണിയുടെ വിരലടയാളം, ഇയാള്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞതായി സാക്ഷിമൊഴി.
ഫിംഗര്‍പ്രിന്റ് വിദഗ്ധന്‍ ജയന്‍ കേസിന്റെ വിചാരണ നടക്കുന്ന ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെയാണ് മൊഴി നല്‍കിയത്. 2012ന് ജൂണ്‍ 26ന് പകല്‍ വര്‍ക്കല കണ്ണംബയില്‍ ഉപേക്ഷിച്ച നിലയില്‍ കിടന്നിരുന്ന വാനില്‍ നിന്നാണ് ഇയാളുടെ വിരലടയാളം ലഭിച്ചത്. 13 വിരലടയാളങ്ങളാണ് വാനില്‍ നിന്ന് ലഭിച്ചത്. അതില്‍ നാലെണ്ണമാണ് പരിശോധനായോഗ്യമായിരുന്നത്. രണ്ട് വിരല്‍പ്പാടുകള്‍ രക്തം പുരണ്ടവയുമായിരുന്നു.
ഫിംഗര്‍പ്രിന്റ് ബ്യൂറോയില്‍ സ്ഥിരം കുറ്റവാളികളുടെ വിരലടയാളങ്ങള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. വാനില്‍ നിന്ന് ലഭിച്ചവ ഒത്തുനോക്കിയപ്പോള്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള ആട് ആന്റണിയുടേതാണെന്ന് വ്യക്തമായി. 2015 ഒക്‌ടോബര്‍ 13നാണ് ആട് ആന്റണി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ വിരലടയാളവും, വാനില്‍ നിന്ന് ലഭ്യമായതും ഒത്തുനോക്കിയതോടെ ഇവ ഒന്നാണെന്ന് സ്ഥിരീകരിക്കാനായതായും ജയന്‍ വെളിപ്പെടുത്തി.
മണിയന്‍പിള്ളയുടെ മരണത്തിന് കാരണമായ കുത്തേറ്റത് കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുള്ള പ്രകാരം തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. രഞ്ജു രവീന്ദ്രന്‍ കോടതി മുമ്പാകെ മൊഴി നല്‍കി. ഡ്രൈവര്‍ സീറ്റിലിരുന്ന മണിയന്‍പിള്ളയെ ആട് ആന്റണി ജീപ്പിന്റെ പിറകിലെ സൈഡ്‌സീറ്റില്‍ ഇരുന്ന് കഴുത്ത് ഞെരിച്ചുകൊണ്ട് നെഞ്ചില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. മണിയന്‍പിള്ളയുടെ പിന്‍ഭാഗത്തും കത്തികൊണ്ടുള്ള മുറിവേറ്റ പാടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. വയറ്റില്‍ കുത്തേറ്റ എഎസ്‌ഐ ജോയിയുടെ പരിക്ക് ഗുരുതരമായിരുന്നുവെന്ന് ജോയിയെ ചികിത്സിച്ച മെഡിസിറ്റിയിലെ സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുല്‍ കലാം മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."