വഞ്ചിക്കപ്പെട്ട് കുവൈറ്റ് ജയിലില്‍ കഴിഞ്ഞ യുവാവ് നാട്ടില്‍ മടങ്ങിയെത്തി
നെടുമ്പാശ്ശേരി: സുഹൃത്തുക്കളുടെ വഞ്ചനയില്‍ കുടുങ്ങി കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് കുവൈറ്റ് ജയിലില്‍ കഴിഞ്ഞ യുവാവ് മോചിതനായി നാട്ടില്‍ മടങ്ങിയെത്തി. കുവൈറ്റില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നന്‍ വീട്ടില്‍ പി.എസ്.കബീര്‍ (47) ആണ് ഇന്നലെ നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയത്.
കൂട്ടുകാരുടെ ചതിയില്‍പെട്ടതിനെ തുടര്‍ന്ന് 14 മാസത്തോളമാണ് കബീറിന് കുവൈറ്റ് ജയിലില്‍ കഴിയേണ്ടി വന്നത്. 2013 യില്‍ കുവൈറ്റില്‍ ടാക്‌സി ഡ്രൈവറായി ജോലിയ്ക്ക് പോയ കബീര്‍ 2015 ലാണ് ആദ്യമായി അവധിയ്ക്ക് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന ചെമ്പറക്കി സ്വദേശി അല്‍താഫ്, പെരുമ്പാവൂര്‍ കൊത്താശ്ശേരി സ്വദേശി റിന്‍ഷാദ് എന്നിവര്‍ക്ക് നല്‍കാനായി നാട്ടില്‍ നിന്നും കൊടുത്തുവിട്ട പൊരിച്ച ഇറച്ചി പൊതിക്കകത്ത് കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നു. കുവൈറ്റ് വിമാനത്താവളത്തില്‍ നടന്ന ലഗേജ് പരിശോധനയില്‍ പിടിക്കപ്പെട്ടപ്പോഴാണ് കബീര്‍ ഈ വിവരം അറിയുന്നത്. സ്വന്തം നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ പിന്നീട് ജയിലിലായി.
കുവൈറ്റ് കോടതിയില്‍ നടന്ന വിചാരണയില്‍ 15 വര്‍ഷം തടവും 1000 ദിനാര്‍ പിഴയും ശിക്ഷയായി വിധിച്ചു. ഇതിനിടെ കബീറിന്റെ ഭാര്യ പെരുമ്പാവൂര്‍ പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കബീര്‍ നിരപരാധിയാണെന്ന് തെളിയുകയും കുറ്റവാളികള്‍ നാട്ടില്‍ പിടിയിലാകുകയും ചെയ്തതോടെയാണ് കബീറിന്റെ മോചനത്തിനുള്ള വഴികള്‍ തെളിഞ്ഞത്.
കുവൈറ്റ് പൊലിസ് തന്നെ അതിക്രൂരമായി മര്‍ദിച്ചെന്നും പല കേസുകളില്‍ ഉള്‍പ്പെട്ട് നിരവധി മലയാളികള്‍ കുവൈറ്റ് ജയിലില്‍ കഴിയുന്നുണ്ടെന്നും ഇവരില്‍ പലരും നിരപരാധികളാണെന്നും കബീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."