കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം
കാക്കനാട്: ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളില്‍ മാത്രം കുടിവെള്ള വിതരണം നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കുടിവെള്ള വിതരണത്തിന്റെ മറവില്‍ വ്യാപക ക്രമക്കേടുകള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് ജി.പി.എസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചത്. ജില്ലയിലെ നിര്‍മാണം പുരോഗമിക്കുന്ന 100 ജലസംഭരണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള നിര്‍ദേശം നല്‍കി. 400 ജലസംഭരണികള്‍ക്കാണ് ജില്ലയില്‍ അനുമതിയുള്ളത്. ജലഅതോറിട്ടിയുടെ സ്രോതസുകളില്‍ നിന്നായിരിക്കും കുടിവെള്ളം ശേഖരിക്കുക.
ഏഴ് താലുക്കുകളിലായി ജല അതോറിട്ടിയുടെ എട്ട് കുടിവെള്ള സ്രോതസുകള്‍ നിലവിലുണ്ട്. വേനല്‍ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായാല്‍ മറ്റു സ്രോതസുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്തും. ജല അതോറിട്ടിയുടെ ലാബില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും വിതരണത്തിന് ശേഖരിക്കുക. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി വിവരം നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുടിവെള്ളം എത്തിക്കുക. ഞായറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടാങ്കര്‍ ലോറി കുടിവെള്ളത്തിന് നേരത്തെ തന്നെ ജില്ലാഭരണകൂടംനിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ടാങ്കറുകള്‍ മുഖേനയായിരിക്കും കുടിവെള്ളം എത്തിക്കുക. കുടിവെള്ളത്തിന്റെ ആവശ്യകത പരിഗണിച്ചായിരിക്കും വിതരണത്തിന് നടപടിയെടുക്കുക. കുടിവെള്ള ക്ഷാമം പരിഹിരിക്കാനുള്ള 'ഡ്രോപ്‌സ് റിലീഫ് 'പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ളം വിതരണം.
ആലുവപറവൂര്‍ താലൂക്കുകളില്‍ ആലുവയില്‍ നിന്നും കൊച്ചി കണയന്നൂര്‍ താലൂക്കുകളില്‍ മരടില്‍ നിന്നും കുന്നത്ത്‌നാട് താലൂക്കില്‍ ചെമ്പറക്കിയില്‍ നിന്നും മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലം താലൂക്കില്‍ കോതമംഗലത്ത് നിന്നും കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം സി.കെ പ്രകാശ്, സബ്കലക്ടര്‍ അദീല അബ്ദുല്ല, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ കെ.ബി.ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."