വാടക കൊടുക്കാന്‍ താമസിച്ചതിന് വീട്ടമ്മയേയും മകനേയും മര്‍ദിച്ചതായി പരാതി
പള്ളുരുത്തി: പെരുമ്പടപ്പില്‍ വീട്ടമ്മയേയും പത്താംതരം വിദ്യാര്‍ഥിയായ മകനേയും വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പെരുമ്പടപ്പ് ചേമ്പും കണ്ടം പ്രദേശത്ത് വാടകയ്ക്കു താമസിക്കുന്ന ഇടക്കൊച്ചി മനേഴത്ത് വീട്ടില്‍ വിനോദിന്റെ ഭാര്യ റിനിമോള്‍ (34) മകന്‍ പത്താംതരത്തില്‍ പഠിക്കുന്ന വിപിന്‍ (16) എന്നിവരെ പരിക്കുകളോടെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. വാടകയ്ക്കു താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
വാടക കൊടുക്കാന്‍ ഒരു ദിവസം വൈകിയതാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. വാടക ചോദിച്ചെത്തിയ വീട്ടുടമ ബലം പ്രയോഗിച്ച് ഇറക്കിവിടാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.
വിദ്യാര്‍ഥിയേയും അമ്മയേയും ഇയാള്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ടു പേരുടേയും തലക്കാണ് പരിക്ക്. പള്ളുരുത്തി പൊലിസ് കേസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."