അനായാസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊല്‍ക്കത്ത: സ്വന്തം തട്ടകത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് കൊല്‍ക്കത്ത അഞ്ചാം വിജയം അക്കൗണ്ടില്‍ ചേര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് കണ്ടെത്തിയത്. ജയം ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്ത 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത് അനായാസം വിജയിച്ചു.
ശുബ്മാന്‍ ഗില്‍ (36 പന്തില്‍ 57 റണ്‍സ്), ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (18 പന്തില്‍ 45 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഓപണര്‍ സുനില്‍ നരെയ്ന്‍ 20 പന്തില്‍ 32 റണ്‍സെടുത്തു. ചെന്നൈയ്ക്കായി ലുന്‍ഗി എന്‍ഗിഡി, ആസിഫ്, ജഡേജ, ഹര്‍ഭജന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ടോസ് നേടി കൊല്‍ക്കത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നര്‍മാരുടെ മികവില്‍ ചെന്നൈ വലിയ സ്‌കോര്‍ നേടുന്നത് തടയാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയായി. മധ്യനിരയില്‍ ഇറങ്ങി പുറത്താകാതെ 25 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്ത നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മികച്ച ഇന്നിങ്‌സാണ് ചെന്നൈ സ്‌കോര്‍ 177ല്‍ എത്തിച്ചത്. ഒരു ഫോറും നാല് സിക്‌സും സഹിതമാണ് ധോണി ടോപ് സ്‌കോററായത്. വാട്‌സന്‍ (36), ഡു പ്ലസിസ് (27) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമിട്ടു. പിന്നീടെത്തിയ റെയ്‌ന (31), മിന്നും ഫോമിലുള്ള അമ്പാട്ടി റായിഡു (21) എന്നിവര്‍ മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല.
കൊല്‍ക്കത്തയ്ക്കായി പിയൂഷ് ചൗള, നരെയ്ന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശേഷിച്ച ഒരു വിക്കറ്റ് കുല്‍ദീപ് യാദവും പിഴുതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."