ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ധര്‍മവേദി പ്രതിഷേധം ശക്തമാക്കുന്നു
തൊടുപുഴ: സ്വാമി ശാശ്വതീകാനന്ദ ആലുവപ്പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ചത് കൊലപാതകമാണെന്ന സ്വാമിയുടെ സഹോദരങ്ങളുടെ പരാതിയില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടു ശ്രീനാരായണ ധര്‍മവേദി സംസ്ഥാനതലത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കും.
ശിവഗിരി മഠാധിപതി പ്രകാശാനന്ദയുടെയും സെന്‍ട്രല്‍ജയിലില്‍ വിചാരണത്തടവുകാരനായ സജീഷിന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് സ്‌പെഷല്‍ ടീമിനെ വച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍മുഖ്യമന്ത്രിക്കും അന്നത്തെ ആഭ്യന്തരമന്ത്രിക്കും ധര്‍മവേദി ഭാരവാഹികളും സ്വാമിയുടെ സഹോദരങ്ങളും നിവേദനം നല്‍കിയിട്ടും അന്വേഷിക്കാത്ത സാഹചര്യം അടക്കം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കും.
കഴിഞ്ഞ ഒരു വര്‍ഷമായി എസ്.എന്‍.ഡി.പി യോഗത്തില്‍ ഭരണസ്തംഭനമാണെന്നു ധര്‍മവേദി സംസ്ഥാന നേതൃയോഗം വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കി മത്സരിക്കുവാനുള്ള തയാറെടുപ്പില്‍ സംഘടനാസംവിധാനം പൂര്‍ണമായും ഇല്ലാതായി. ബഹുഭൂരിപക്ഷം യൂനിയന്‍ ഭാരവാഹികളും യോഗം നേതൃത്വം നല്‍കി രൂപീകരിച്ച ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായി മത്സരിച്ചു ദയനീയമായി പരാജയപ്പെട്ടു.
യോഗത്തിന്റെയും യൂനിയന്റെയും സമ്പത്ത് തെരഞ്ഞെടുപ്പിനായി വിനിയോഗിച്ചു. ഇടതുവലതു രാഷ്ട്രീയപാര്‍ട്ടികളിലെ സമുദായംഗങ്ങളെ പരാജയപ്പെടുത്തുവാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം യോഗത്തിന് വന്‍തിരിച്ചടിയായി. വെള്ളാപ്പള്ളി രാജിവച്ച് നിയമനടപടിക്ക് വിധേയനാകണമെന്നും ശ്രീനാരായണ ധര്‍മവേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
ധര്‍മവേദി ജോയിന്റ് കണ്‍വീനറായി അജോയ് മാവേലിക്കരയെ തെരഞ്ഞെടുത്തു. ധര്‍മവേദി യൂണിയന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിക്കുവാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."