മതേതര കക്ഷികളുടെ യോജിപ്പ് അനിവാര്യം: മുസ്‌ലിം ലീഗ്
കോഴിക്കോട്: ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നത് തടയാന്‍ മതേതരചേരി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് വ്യക്തമാക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മോദി പ്രഭാവത്തെ കൊട്ടിഘോഷിക്കുന്നവര്‍ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിയെ ജനം പുറത്താക്കിയതിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിനും മുന്‍പ് യു.പി ഭരിച്ച പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ മതേതര വോട്ടുകള്‍ ഭിന്നിച്ചത് മുതലെടുത്തും വര്‍ഗീയ കാര്‍ഡിറക്കിയും ബി.ജെ.പിനേടിയ വിജയം സ്ഥായിയല്ല. യു.പിയിലെ സംഘ്പരിവാര്‍ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെങ്കിലും മറ്റിടങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചമാണ് കാണുന്നത്. ബി.ജെ.പിയെ പഞ്ചാബിലും ഗോവയിലും ജനം പുറംതള്ളിയത് നിസാരമല്ല. മണിപ്പൂരില്‍ കോണ്‍ഗ്രസിലെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഒഴുകിയിട്ടും ഭരണ വിരുദ്ധ വികാരം പ്രചരിപ്പിച്ചിട്ടും ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല.
കോണ്‍ഗ്രസ് മുക്തഭാരതം എന്നത് ബി.ജെ.പിയുടെ ദിവാസ്വപ്‌നമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പുകൂടിയാണിതെന്നത് മതേതര ചേരിക്ക് ആശ്വാസം പകരും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പരസ്പരം കലഹം അവസാനിപ്പിച്ച് പൊതു എതിരാളിക്കെതിരേ യോജിപ്പോടെ നീങ്ങണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."