ദലിത് പീഡനം: കൃത്യസമയത്ത് നടപടി എടുത്തില്ലെന്ന് പട്ടികജാതി കമ്മിഷന്‍
തലശേരി: കുട്ടിമാക്കൂലില്‍ കുനിയില്‍ രാജനും അവരുടെ കുടുംബത്തിനുമുണ്ടായ പീഡനം, പരാതി നല്‍കിയിട്ടും കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്നതിനാലെന്ന് സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാര്‍. സി.പി.എം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച രാജന്റെ മകള്‍ അഞ്ജനയേയും കുടുംബത്തേയും സന്ദര്‍ശിച്ച് മൊഴിയെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ജനയുടെ ആത്മഹത്യാശ്രമത്തെക്കുറിച്ചും രാജന്റെ കുടുംബത്തിനു നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ചും ജില്ലാ പൊലിസ് ചീഫ്, കലക്ടര്‍ എന്നിവരില്‍ നിന്നു സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തന്നേയും കുടുംബത്തേയും നിരന്തരമായി പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി രാജന്‍ നാലു പരാതികള്‍ നേരത്തെ പൊലിസില്‍ നല്‍കിയിരുന്നു. ഇതില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം അവസ്ഥ വരില്ലായിരുന്നു.
പൊലിസിന്റെ ഭാഗത്ത് നിന്നു വീഴ്ചയുണ്ടായിട്ടുണ്ടോ, പട്ടികജാതി പീഡന നിരോധനനിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ടോ, ഒന്നര വയസുള്ള കൈക്കുഞ്ഞിനെ ജയിലിലടയ്ക്കാനുണ്ടായ കാരണമെന്ത്, പൊലിസ് രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ്‌ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമക്രമം പാലിച്ചിട്ടുണ്ടോ, സുപ്രിംകോടതി ചൂണ്ടിക്കാട്ടുന്ന നിയമപ്രകാരമാണോ പെണ്‍കുട്ടികളെ അറസ്റ്റ്‌ചെയ്തതും ജയിലിലടച്ചതും തുടങ്ങിയ കാര്യങ്ങള്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലുണ്ട്. ജൂണ്‍ 28നു കേസ് പരിഗണിക്കുമന്നും കമ്മിഷന്‍ അറിയിച്ചു.
മാനസിക പീഡനത്തെ തുടര്‍ന്നാണ് അഞ്ജന ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കമ്മിഷന്‍ കണ്ടെത്തി. മോശമായ ചില പരാമര്‍ശങ്ങള്‍ അഞ്ജനയെ വേദനിപ്പിച്ചിട്ടുണ്ട്. തക്കസമയത്ത് ചികിത്സ ലഭിച്ചതിനാലാണ് രക്ഷപ്പെട്ടത്. കുട്ടികളെ ജയിലില്‍ പാര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചോയെന്ന കാര്യത്തില്‍ ജയില്‍സൂപ്രണ്ടില്‍ നിന്നു റിപ്പോര്‍ട്ട് തേടി. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം സ്വമേധയാ കേസെടുത്തതായും കമ്മിഷന്‍ അറിയിച്ചു.
പെണ്‍കുട്ടികളുടെ ജാമ്യഹരജി എന്തുകൊണ്ട് മജിസ്‌ട്രേറ്റ് സ്വീകരിച്ചില്ലെന്ന കാരണവും കമ്മിഷന്റെ അന്വേഷണപരിധിയില്‍ വരും. ഇതുസംബന്ധിച്ച് പെണ്‍കുട്ടികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനില്‍ നിന്നു വിവരങ്ങള്‍ തേടും.
തലശേരിയില്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയ കമ്മിഷന്‍, യുവതിയെ ചികിത്സിക്കുന്ന ഡോ. പ്രേംനാഥ്, നഴ്‌സിങ് സൂപ്രണ്ട് എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അഞ്ജനയ്ക്കു നല്‍കിയ മരുന്നുകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള അവസ്ഥയെക്കുറിച്ചും കമ്മിഷന്‍ വിവരങ്ങള്‍ ആരാഞ്ഞു.
രണ്ടുദിവസത്തിനകം അഞ്ജനയ്ക്ക് ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതര്‍ കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് പി.എന്‍ വിജയകുമാറിനൊപ്പം അംഗങ്ങളായ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ.കെ മനോജ് എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."