സായി റീജിയണല്‍ ഫുട്ബോള്‍ അക്കാദമി ടീമിന് സ്വീകരണം നല്കി
തിരുവനന്തപുരം: ഐ ലീഗ് അണ്ടര്‍ 18 ഗ്രൂപ്പ് ചാംപ്യന്മാരായ സായി റീജിയണല്‍ ഫുട്ബോള്‍ അക്കാദമി താരങ്ങള്‍ക്ക് എല്‍.എന്‍.സി.പി.ഇയില്‍ സ്വീകരണം നല്കി.
സായി കേരള റീജിയണല്‍ ഫുട്ബോള്‍ അക്കാദമി, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്, എം.എസ്.പി ഫുട്ബോള്‍ അക്കാദമി, ഗോകുലം എഫ്.സി, എഫ്.സി കേരള എന്നീ ടീമുകളുള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ പ്രവര്‍ത്തിക്കുന്ന സായി കേരള റീജിയണല്‍ ഫുട്ബോള്‍ അക്കാദമി ചാംപ്യന്മാരായത്.
2016 ഒക്ടോബറില്‍ ആരംഭിച്ച സായി കേരള റീജിയണല്‍ ഫുട്ബോള്‍ അക്കാദമിക്ക് കേവലം ഒന്നര വയസു മാത്രമാണ് പ്രായം. 26 വിദ്യാര്‍ഥികളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്. ഇന്ത്യയിലെ ഏക ഫിഫ സര്‍ട്ടിഫൈഡ് കോച്ച് ആയ പ്രദീപ് ദത്തയോടൊപ്പം നികുഞ്ജ് അസ്വാള്‍, രമണ്‍ദീപ്, സി ക്ലിന്റണ് എന്നിവരും പരിശീലകരായുണ്ട്.
സായി അക്കാദമിയുടെ അണ്ടര്‍ 17 ടീമാണ് അണ്ടര്‍ 18 നില് കളിക്കുന്നത്. കേരള അണ്ടര്‍ 19 ഊര്‍ജ കപ്പ് നേടിയ സായി അക്കാദമി ടീമില്‍ നിന്നുള്ള ഏഴു പേര് ഊര്‍ജ കപ്പ് സൗത്ത് സോണ്‍ റണ്ണേഴ്സ് അപ്പ് ടീമില്‍ ഇടം നേടിയിരുന്നു.
കൂടാതെ 7 പേര് അണ്ടര്‍ 17 നില് ദേശീയ തലത്തില്‍ സംസ്ഥാനത്തിനു വേണ്ടി കളിച്ചു. അക്കാദമിയിലെ വിദ്യാര്‍ഥികളായ മിനീഷ് 2017-18 ലും മുഹമ്മദ് ഇനായത് 2016-17 ലും അണ്ടര്‍ 17 ഫുട്ബോളിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡ് നേടി. ഇവിടെ നിന്നും ജിദ്ദു കെ. റോബിയും മുഹമ്മദ് ഇനായതും ഫിഫ അണ്ടര്‍ 17 ലോക കപ്പ് ക്യാംപില്‍ പങ്കെടുത്തിരുന്നു.
സ്വീകരണ ചടങ്ങില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്, ഭരണസമിതിയംഗങ്ങളായ ഡി. വിജയകുമാര്‍, പി. ശശിധരന് നായര്‍, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, ഒ.പി ബിനീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."