യു.പിയിലെ വിജയം ഹിന്ദുത്വ അജന്‍ഡകള്‍ പുറത്തെടുക്കാന്‍ മോദിക്ക് ധൈര്യമേകും
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 'സെമിഫൈനലി'ലെ വിജയം ഹിന്ദുത്വ അജന്‍ഡകള്‍ പതുക്കെ പുറത്തെടുക്കാന്‍ നരേന്ദ്രമോദിക്ക് ധൈര്യമേകും. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ എക്കാലത്തേയും ആയുധമായ ഹിന്ദുത്വ അജന്‍ഡകള്‍ ശക്തമായി നടപ്പാക്കാനാകും ഇനി മോദിയും ബി.ജെ.പിയും ശ്രമിക്കുക.
നിലവില്‍ ലോക്‌സഭയില്‍ സര്‍ക്കാരിന് മൂന്നിലൊന്ന് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ ബി.ജെ.പി ന്യൂനപക്ഷമായത് കാരണം പല ബില്ലുകളും പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് നാലില്‍ മൂന്നു ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകള്‍ സ്വന്തമാക്കാനും അതുവഴി രാജ്യസഭയില്‍ പാര്‍ട്ടിയുടെ അംഗബലം വര്‍ധിപ്പിക്കാനും മോദിക്കു കഴിയും. അതുവഴി ക്രമേണ 2019 ആവുമ്പോഴേക്കും രാജ്യസഭയില്‍ ബി.ജെ.പി ഭൂരിപക്ഷമാവും.
ജൂലൈയില്‍ കാലാവധി കഴിയുന്ന പ്രണബ് മുഖര്‍ജിക്കു പകരം പുതിയ രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ മാത്രം മുന്നൂറിലേറെ ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നതുവഴി താന്‍ ഉദ്ദേശിച്ചയാളെ രാഷ്ട്രപതിയാക്കാനും മോദിക്കു കഴിയും.
ബാബരി മസ്ജിദ് നിലനിന്ന അയോധ്യ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ അധികാരം കിട്ടിയതോടെ രാമക്ഷേത്ര നിര്‍മാണമെന്ന ഹിന്ദുത്വ അജണ്ട വീണ്ടും സജീവമാവും. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ഉള്ളതിനാല്‍ പുതിയ യു.പി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോവും.
രാമക്ഷേത്രനിര്‍മാണം മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ സജീവ വിഷയമാക്കിയിരുന്നില്ലെങ്കിലും പ്രാദേശിക നേതാക്കളുടെ പ്രചാരണ ആയുധങ്ങളിലൊന്ന് അയോധ്യയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."