ക്ഷേത്ര-പള്ളി കുളങ്ങളുടെ ശുചീകരണ സംരക്ഷണ ജില്ലാതല ഉദ്ഘാടനം
കുറ്റ്യാടി: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ (സ്റ്റുഡന്റ് ആര്‍മി ഫോര്‍ വിവിഡ് എന്‍വയണ്‍മെന്റ്) 'ജീവജലം' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ക്ഷേത്ര-പള്ളി കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ദേവര്‍കോവില്‍ കാഞ്ഞിരോളി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ കുളം വൃത്തിയാക്കി നിര്‍വഹിച്ചു.
ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്കൂളിലെ 40 അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുളം ശുചീകരിച്ചത്. മതസൗഹാര്‍ദത്തിന് മാതൃകയായി ക്ഷേത്ര കമ്മിറ്റിയും പള്ളി കമ്മിറ്റിയും സഹകരിച്ച് നടത്തിയ ശുചീകരണത്തില്‍ ജാതി-മത ഭേദമന്യേ നിരവധി പേര് പങ്കാളികളായി. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ്കുമാര്‍ മുഖ്യാതിഥിയായി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയകണ്ടി നാരായണന് പദ്ധതി വിശദീകരിച്ചു.
സ്കൂള്‍ പ്രധാനാധ്യാപകന് പി.കെ നവാസ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി. പ്രഭാകരന്, പള്ളിക്കമ്മിറ്റി പ്രസിഡന്റ് കുമ്പളംകണ്ടി അഹമ്മദ് ഹാജി, പി.ടി.എ പ്രസിഡന്റ് ഇല്ലത്ത് അബ്ദുല്‍ അസീസ്, വാര്‍ഡ് മെംബര്‍ ഇ.വി സാജിത, അബ്ദുല്ല സല്മാന്, ഒ. രവീന്ദ്രന്, കെ.പി സുധാകരന്, എം. രാജന് ഡോ. ഡി. സച്ചിത്ത്, ശ്രീനി പാലേരി സംസാരിച്ചു.
കെ.കെ സൈനബ, സി. ഡൊമിനിക്ക്, വി. ലീല, സി.പി ഹമീദ്, കെ.കെ റംല, പി.വി നൗഷാദ് തുടങ്ങിയവര്‍ ശുചീകരണത്തിനു നേതൃത്വം നല്കി.
സേവിനെകുറിച്ച് ഗ്രന്ഥരചന നടത്താനായി കാലിഫോര്‍ണിയയില്‍ നിന്നും എത്തിച്ചേര്‍ന്ന ഇംഗ്ലീഷ് അധ്യാപിക ജസി ഡയാന ബേക്കര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജലാശയങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന സേവിന്റെ ജീവജലം പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാലയവും ഓരോ ജലാശയം തെരഞ്ഞെടുത്ത് സംരക്ഷിക്കുന്നുണ്ട്. ഇതോടൊപ്പം ആരാധനാലയങ്ങളിലെ കുളങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."