മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മരിച്ച സംഭവം: അപകടത്തിനിടയാക്കിയത് തുടര്‍ച്ചയായ മഴ
കോഴിക്കോട്: ചിന്താവളപ്പിനു സമീപം കെട്ടിടനിര്‍മാണ ജോലിക്കിടെ രണ്ടു തൊഴിലാളികള്‍ മരിക്കാനിടയായ അപകടത്തിനു കാരണം തുടര്‍ച്ചയായി പെയ്ത മഴ. മഴ ശക്തമായിരുന്നെങ്കിലും കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ നിര്‍ത്തിവച്ചിരുന്നില്ല. നനവുള്ള മണ്ണിനടിയില്‍ യാതൊരു സുരക്ഷയുമില്ലാതെയാണു തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി എടുത്ത 20 അടി താഴ്ചയുളള കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസമുണ്ടായ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഒന്‍പതു നില കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്. അണ്ടര്‍ ഗ്രൗണ്ടില്‍ രണ്ടുനിലയും പണിയുന്നുണ്ട്. ഇതിന്റെ പ്രാരംഭജോലികള്‍ നടക്കുകയായിരുന്നു. കോണ്‍ട്രാക്ടര്‍ അപകടസാധ്യതയുണ്ടായിട്ടും ഇവരെ നിര്‍ബന്ധിപ്പിച്ചു പണിയെടുപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ഉടനെ എത്തിയ സന്നദ്ധപ്രവര്‍ത്തകരുടെയും മറ്റു തൊഴിലാളികളുടെയും അഗ്നിശമന സേനയുടേയും അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് മറ്റു തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത്.
അപകടം സംഭവിച്ചയുടനെ ഇവിടെയുള്ള തൊഴിലാളികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനായി അവര്‍ തിരിച്ചുവന്നു. പൊലിസിന്റെ ഇടപെടലും രക്ഷാ പ്രവര്‍ത്തനത്തിന് ഏറെ സൗകര്യമൊരുക്കി. സമീപ റോഡിലൂടെ വാഹനഗതാഗതം നിയന്ത്രിച്ച് രക്ഷപ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ പൊലിസ് പ്രത്യേകം ശ്രദ്ധിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ആദ്യം രക്ഷിച്ചത് കിസ്മത്തിനെയാണ്. പക്ഷേ, ആശുപത്രിയിലേക്ക് എത്തിക്കുന്നതിന്റെ മുന്‍പേ അദ്ദേഹം മരിച്ചിരുന്നു. ജബ്ബാറിന്റെ മൃതദേഹം അവസാനമാണ് കണ്ടെത്തിയത്. മണ്ണിനടിയിലെ കോണ്‍ക്രീറ്റ് ബീമിനകത്തു പെട്ടവരെ ഡ്രില്ലിങ് മെഷീന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മഴകാരണം ശക്തമായ ഉറവുള്ളതിനാല്‍ ജോലി നിര്‍ത്തിവയ്ക്കാനോ അപകടസാധ്യത കുറവുള്ള ജോലിയിലേക്കു മാറ്റാനോ കോണ്‍ട്രാക്ടര്‍ തയാറായിരുന്നില്ല. ജലനിരപ്പില്‍ നിന്ന് അഞ്ചു മീറ്റര്‍ താഴെയുള്ള കുഴിയില്‍ ഉറവു വരുന്ന സാഹചര്യത്തില്‍ ജോലി ചെയ്യിപ്പിക്കുകയായിരുന്നു.
സമീപത്തു വലിയ കെട്ടിടങ്ങളുണ്ടായിരിക്കെ മഴ ശക്തമായ പെയ്യുന്ന സമയത്ത് കെട്ടിട നിര്‍മാണത്തിനായി വലിയ ഗര്‍ത്തങ്ങള്‍ കുഴിച്ചതുതന്നെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് സമീപവാസികള്‍ പറയുന്നു. കെട്ടിട ഉടമക്കെതിരേയും കോണ്‍ട്രാക്ടര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കസബ പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും.
ജില്ലാ കലക്ടര്‍ യു.വി ജോസ്, സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ മെറിന്‍ ജോസഫ്് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് അസി. ഡിവിഷണല്‍ ഓഫിസര്‍ ടി. രജീഷ്, മീഞ്ചന്ത സ്റ്റേഷന്‍ ഓഫിസര്‍ ടി. അജിത്ത്കുമാര്‍, മീഞ്ചന്ത അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ ബഷീര്‍, ബീച്ച് സ്റ്റേഷന്‍ ഓഫിസര്‍ വരുണ്‍, ലീഡിങ് ഫയര്‍മാന്‍മാരായ ഇ. ശിഹാബുദ്ദീന്‍, അബ്ദുല്‍ ഫൈസി, സദാനന്ദന്‍ കോളക്കാട് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
സൗത്ത് അസി. കമ്മിഷണര്‍ അബ്ദുറസാഖ്, കസബ സി.ഐ ഹരിപ്രസാദ്, നടക്കാവ് സി.ഐ ടി.കെ അഷ്‌റഫ്, കസബ എസ്.ഐ വി. സിജിത്ത്, തഹസില്‍ദാര്‍ അനിതാകുമാരി എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."