തീരദേശ നിയമം പാലിക്കാതെ പുഴയോരത്ത് അനധികൃത നിര്‍മാണം തകൃതി
ഒളവണ്ണ: തീരദേശ നിയമം പാലിക്കാതെ മാമ്പുഴ തീരത്ത് അനധികൃത നിര്‍മാണങ്ങള്‍ പെരുകുന്നു. നിരവധി തവണ തദ്ദേശസ്ഥാപന മേധാവികളെ അറിയിച്ചിട്ടും നിര്‍മാണത്തിന് മൗനം സമ്മതം എന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഒളവണ്ണ പഞ്ചായത്തിലെ വാര്‍ഡ് 22ല്‍ കോന്തനാരി ഭാഗത്തെ മാമ്പുഴ തീരത്താണ് അനധികൃത നിര്‍മാണം നടക്കുന്നത്. പഞ്ചായത്ത് അധികൃതരെ നേരിട്ടു കണ്ടും പരാതിയായും നിരവധി തവണ അറിയിച്ചിട്ടും കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാമ്പുഴയില്‍ വേലിയേറ്റവും വേലിയിറക്കവും ഉള്ള പ്രദേശങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തീരദേശ പരിപാലന നിയമത്തില്‍ പെട്ടതായിരുന്നിട്ടും പുഴയുടെ അരികു ചേര്‍ത്തി തന്നെ നടന്നുവരുന്ന നിര്‍മാണങ്ങള്‍ അനധികൃതമാണെന്ന് അറിയുന്ന സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണശേഷിയെ പരീക്ഷിക്കുന്ന തരത്തിലാണ് ഒളവണ്ണ പഞ്ചായത്ത് അധികൃതരുടെ സമീപനമെന്നും അനധികൃത നിര്‍മാണത്തിനെതിരേ നടപടി സ്വീകരിക്കാന്‍ വൈകുന്ന പക്ഷം ജില്ലാ ദുരന്തനിവാരണ സമിതി ചെയര്മാന് കൂടിയായ കലക്ടര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."