ഗോവയിലും മണിപ്പൂരിലും തൂക്കുസഭ
ഇംഫാല്‍/പനാജി: തൂക്കുമന്ത്രിസഭ ഉറപ്പായ മണിപ്പൂരിലും ഗോവയിലും ആര് ഭരണം പിടിക്കുമെന്ന കാര്യം ഇനിയും വ്യക്തമല്ല. വരുംനാളുകളില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനു വേദിയാകാനിരിക്കുകയാണ് ഇരുസംസ്ഥാനങ്ങളും.
മണിപ്പൂരില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബി.ജെ.പി 28 ഇടത്തു വിജയിച്ച കോണ്‍ഗ്രസിന് പിറകില്‍ 21 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയാണ്. നാഗാ പീപ്പിള്‍സ് ഫ്രണ്ടും(എന്‍.പി.എഫ്), നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യും നാലുവീതം മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ ആള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസും രാം വിലാസ് പാസ്വാന്റെ ലോക്ജന്‍ശക്തി(എല്‍.ജെ.പി)യും സ്വതന്ത്രനും ഒരു വീതം സീറ്റുകള്‍ സ്വന്തമാക്കി.
എന്തു വിലകൊടുത്തും എന്‍.പി.എഫ്, എന്‍.പി.പി കക്ഷികളെ വലയിലാക്കി ഭരണം പിടിക്കാന്‍ തന്നെയാകും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം. ആകെ 60 അംഗങ്ങളുള്ള നിയമസഭയില്‍ ഭരണം പിടിക്കണമെങ്കില്‍ 31 സീറ്റാണ് വേണ്ടത്. ഇതിലേക്ക് കോണ്‍ഗ്രസിന് വെറും മൂന്നുപേരുടെ പിന്തുണ കൂടി മതിയെന്നത് കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ബി.ജെ.പിക്ക് 10 പേരുടെ പിന്തുണ കൂടി വേണം ഭൂരിപക്ഷം ലഭിക്കാന്‍. കേന്ദ്രത്തില്‍ തങ്ങളുമായി സഖ്യമുള്ള എല്‍.ജെ.പിയുടെയും എന്‍.പി.എഫിന്റെയും പിന്തുണ ബി.ജെ.പിക്ക് ഉറപ്പാണ്. പഞ്ചാബ് ഒഴിച്ചുള്ള നാലു സംസ്ഥാനങ്ങളിലും ബി.ജെ.പി തന്നെ ഭരണം നടത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്.
തൂക്കുസഭക്കു പേരുകേട്ട ഗോവയിലെ കാര്യങ്ങള്‍ ഇത്തവണയും വ്യത്യസ്തമല്ല. കഴിഞ്ഞ 12 തെരഞ്ഞെടുപ്പുകളില്‍ ആറിലും തൂക്കുസഭകള്‍ക്കാണ് സംസ്ഥാനം സാക്ഷിയായത്.
ഇത്തവണ ആകെ 40ല്‍ 17 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തിന് ഇനി നാലുപേരുടെ പിന്തുണ കൂടി മതി. എന്നാല്‍, സംസ്ഥാനത്ത് പരാജയം നേരിട്ട ബി.ജെ.പിക്ക് 13 സീറ്റുകളാണ് ലഭിച്ചത്. മൂന്ന് സീറ്റ് ലഭിച്ച മുന്‍ സഖ്യകക്ഷി എം.ജി.പിയുടെ പിന്തുണ ബി.ജെ.പിക്ക് പ്രതീക്ഷിക്കാമെങ്കിലും പുതുതായി രൂപീകൃതമായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി(മൂന്ന്), സ്വതന്ത്രന്മാര്‍(മൂന്ന്), എന്‍.സി.പി(ഒന്ന്) എന്നിവരുടെ കൂടി പിന്തുണ ലഭിച്ചാലേ അധികാരം പിടിക്കാനാകൂ. ഗോവ ഫോര്‍വേഡും എം.ജി.പിയും ബി.ജെ.പിയെ പിന്തുണക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."