ക്യാപ്റ്റന്റെ കരുത്തില്‍ പഞ്ചാബ്
ചണ്ഡീഗഡ്: ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിന് ഇന്നലെ 75ാം ജന്മദിനമായിരുന്നു. ഇനി ഒരിക്കലും തെരഞ്ഞെടുപ്പിലേക്കുണ്ടാകില്ലെന്ന് പറഞ്ഞ് അവസാന പരീക്ഷണമെന്ന് വ്യക്തമാക്കി പഞ്ചാബില്‍ മത്സരിച്ച രാജകുടുംബാംഗമായ അമരിന്ദര്‍ സിങ് കോണ്‍ഗ്രസിന്റെയും അതിലേറെ പഞ്ചാബിന്റെകൂടി ക്യാപ്റ്റനായി മാറിയെന്നതാണ് യാഥാര്‍ഥ്യം. 2002 മുതല്‍ 2007 വരെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. പിന്നീട് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്്‌സര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ അദ്ദേഹം തന്റെ ജന്മദിനത്തിന്റെ മധുരം ഇരട്ടിയാക്കി. 10 വര്‍ഷങ്ങള്‍ക്കുശേഷം പഞ്ചാബില്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ തിരികെയെത്തിച്ചതിന്റെ പൂര്‍ണ ക്രെഡിറ്റും അമരിന്ദറിന് തന്നെ.
സംസ്ഥാനത്തെ ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ കെടുകാര്യസ്ഥത, അഴിമതി, കൂടാതെ സംസ്ഥാനത്ത് വ്യാപകമായ മയക്ക്മരുന്ന് കച്ചവടം-ഇതിനെല്ലാമെതിരായ ശക്തമായ തിരിച്ചടിയാണ് പഞ്ചാബില്‍ വോട്ടര്‍മാര്‍ നല്‍കിയത്. ആം ആദ്മി പാര്‍ട്ടിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയ കോണ്‍ഗ്രസ് ഇവിടെ അകാലിദളിന്റെ രാഷ്ട്രീയ ഭാവിയെപോലും തകര്‍ത്തു. 117 സീറ്റുള്ള സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 59 അംഗങ്ങളുടെ പിന്‍ബലമുണ്ടായാല്‍ മതി.
തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആദ്യംതന്നെ മുന്‍ഗണന നല്‍കുന്നത് സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം തടയുകയെന്നതാണ്. നാല് മാസങ്ങള്‍ക്കുള്ളില്‍ ഇത് പ്രാവര്‍ത്തികമാക്കുമെന്നും ജനങ്ങള്‍ നല്‍കിയ വിശ്വാസം കാത്തു സൂക്ഷിക്കുകയെന്നതാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വാര്‍ത്താ ലേഖകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."