ഗോവയില്‍ അടിതെറ്റി ലക്ഷ്മികാന്ത് പര്‍സേക്കര്‍
പനാജി: ഉത്തര്‍പ്രദേശിലെ ബി.ജെ.പി തരംഗത്തിനിടയില്‍ ഗോവയില്‍ ആഞ്ഞടിച്ചത് ഭരണവിരുദ്ധ വികാരം. ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ സിറ്റിങ് സീറ്റില്‍ നേരിട്ട പരാജയം ബി.ജെ.പിക്കുകൂടി വലിയ തിരിച്ചടിയായി.കോണ്‍ഗ്രസിലെ ദയാനന്ദ് സോപ്‌റ്റേയോട് 7,219 വോട്ടിന്റെ മാര്‍ജിനിലാണ് പര്‍സേക്കര്‍ പരാജയം സമ്മതിച്ചത്. ഉത്തര ഗോവയിലെ മന്ത്രേം മണ്ഡലത്തിലാണ് അദ്ദേഹം പരാജയം നേരിട്ടത്.
നേരത്തെ മൂന്നുതവണ പര്‍സേക്കര്‍ മത്സരിച്ചു വിജയിച്ച മണ്ഡലം കൂടിയാണിത്. പരാജയത്തോടെ പര്‍സേക്കറുടെ രാഷ്ട്രീയഭാവിയും അനിശ്ചിതത്വത്തിലാകും. മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍ പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വവും ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി പദം തന്നെയും ഏറ്റെടുത്തേക്കും.അതിനിടെ, പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമായാണ് പര്‍സേക്കറുടെ പരാജയമെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ചുമതലയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഏല്‍പിച്ചത് മനോഹര്‍ പരീക്കറിനെയായിരുന്നു. പരീക്കറിനെ സംസ്ഥാനത്തേക്കു തിരിച്ചുകൊണ്ടുവരുമെന്ന് അമിത്ഷാ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനുപിറകെ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതൃത്വത്തില്‍നിന്നു ശക്തമായ എതിര്‍പ്പും അദ്ദേഹം നേരിട്ടു.
നേരത്തെ സഖ്യകക്ഷികളായിരുന്ന എം.ജി.പി ഉള്‍പ്പെടെയുള്ള കക്ഷികളും ആര്‍.എസ്.എസ് വിമതന്‍ സുഭാഷ് വെല്ലിങ്കറുടെ ഗോവ സുരക്ഷാ മഞ്ചുമെല്ലാം ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടതും ഫലത്തില്‍ പ്രതിഫലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."