ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആര് ?
ലഖ്‌നൗ: വമ്പിച്ച വിജയം നേടിയെങ്കിലും ഉത്തര്‍പ്രദേശില്‍ ഭരണം ആര് നയിക്കുമെന്ന കാര്യത്തില്‍ ബി.ജെ.പിയില്‍ ഇനിയും തീരുമാനമായില്ല. രാജ്യത്തുതന്നെ ശ്രദ്ധാകേന്ദ്രമായ സംസ്ഥാനത്തിന്റെ അധിപനാകാന്‍ മുന്‍ മുഖ്യമന്ത്രിമാരുടെ പോലെ വ്യക്തിപ്രഭാവമുള്ള ഒരാളെത്തന്നെ ബി.ജെ.പിക്ക് കണ്ടെത്തേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ നിശ്ചയിച്ചിരുന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് ഇന്നത്തേക്ക് മാറ്റിയിട്ടുണ്ട്.
പാര്‍ട്ടിയുടെ സംസ്ഥാനഘടകം അധ്യക്ഷനും ഫുല്‍പൂരില്‍നിന്നുള്ള എം.പിയുമായ കേശവ് പ്രസാദ് മൗര്യയുടെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. പിന്നോക്ക വിഭാഗത്തില്‍പെട്ടയാളാണെന്നതിനു പുറമെ, 1990ല്‍ രാമക്ഷേത്ര പ്രക്ഷോഭകാലത്ത് വി.എച്ച്.പിയുമായി ചേര്‍ന്ന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചുവെന്ന ക്രെഡിറ്റും ബി.ജെ.പി നേതൃത്വം 47കാരനായ മൗര്യക്കു നല്‍കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രിയും അവസാനമായി ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയാകുകയും ചെയ്ത മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാജ്‌നാഥ് സിങ്ങിന്റെ പേരും സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കേന്ദ്ര ടെലികോം മന്ത്രിയും ഉന്നത ജാതിയായ ഭൂമിഹാര്‍ നേതാവും മോദിയുമായി അടുത്ത ബന്ധമുള്ളയാളുമായ മനോജ് സിന്‍ഹ, കേന്ദ്ര ടൂറിസം മന്ത്രിയും നോയിഡയിലെ കൈലാശ് ആശുപത്രി ഉടമയുമായ മഹേഷ് ശര്‍മ, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും അമിത്ഷായുടെ ഉറ്റകൂട്ടാളിയും ലഖ്‌നൗ സര്‍വകലാശാലാ അധ്യാപകനുമായ ദിനേശ് ശര്‍മ എന്നിവരുടെ പേരും സാധ്യധാപട്ടികയിലുണ്ട്.
എന്നാല്‍, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ആരെയെങ്കിലും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."