ഇരുളടയുന്നത് ബി.എസ്.പിയുടെ ഭാവി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ ഫലങ്ങള്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി)യുടെ അന്ത്യത്തിന്റെ കൂടി തുടക്കമാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്ന ചോദ്യം. ബി.എസ്.പിക്ക് ഇത് തുടരെയുള്ള മൂന്നാമത്തെ പരാജയമാണ്. 2012ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയോട് പരാജയപ്പെട്ട് അധികാരം നഷ്ടപ്പെട്ട ശേഷം 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിതരംഗത്തില്‍ മുങ്ങി ഒറ്റ സീറ്റും നേടാനാവാതെ സംപൂജ്യരാകേണ്ടിയും വന്നിരുന്നു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്തിമമായി പുറത്തുവന്നപ്പോള്‍ കേവലം 19 സീറ്റുകള്‍ കൊണ്ട് ബി.എസ്.പിക്ക് തൃപ്തിപ്പെടേണ്ടിവന്നു. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 206 സീറ്റുകളുമായി അധികാരം പിടിച്ചെടുക്കുകയും 2009ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ഇടത്ത് വിജയം കുറിക്കുകയും ചെയ്ത പാര്‍ട്ടി ഇത്രയും ദയനീയ സ്ഥിതിയിലേക്ക് അധപതിക്കുമ്പോള്‍ ചോദ്യം ഉയരുന്നത് മായാവതിയുടെ രാഷ്ട്രീയനേതൃത്വത്തെ കുറിച്ചുകൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പുതിയ സംഘടനാ പരിഷ്‌കരണങ്ങളും അഴിച്ചുപണികളും നടത്തി ആത്മവിശ്വാസത്തിലിരുന്ന പാര്‍ട്ടിക്ക് ശരിക്കും ഇരുട്ടടിയായിരിക്കുകയാണു തെരഞ്ഞെടുപ്പ് ഫലം.
ദലിത്, ന്യൂനപക്ഷ പിന്നോക്ക സമൂഹങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി സ്വത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് 1984ല്‍ കാന്‍ഷിറാം ജന്മം നല്‍കിയ പ്രസ്ഥാനം ഗുജറാത്തിലെ ഉനയിലടക്കം രാജ്യവ്യാപകമായി ദലിത് പിന്നോക്ക മുന്നേറ്റം ദര്‍ശിച്ച ഒരു ഘട്ടത്തില്‍തന്നെ അന്ത്യദശയിലേക്ക് അടുക്കുന്നുവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കപ്പുറം പിന്നോക്ക രാഷ്ട്രീയത്തെ കൂടി ആശയങ്കയിലാക്കുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ദലിത്, പിന്നോക്ക വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ മായാവതി ഒന്നര വര്‍ഷത്തിനിടയില്‍ ഗ്രാമീണതലത്തില്‍ തന്നെ ഇറങ്ങിപ്രവര്‍ത്തിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.
കാന്‍ഷിറാമിനു ശേഷം മായാവതി എന്ന വ്യക്തിപ്രഭാവത്തിലായിരുന്നു ബി.എസ്.പി മുന്നോട്ടുപോയിരുന്നത്. കാന്‍ഷിറാം വളര്‍ത്തിവലുതാക്കിയ മായാവതി പക്ഷെ തനിക്കൊരു പകരക്കാരനെ ഇതുവരെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ല എന്നതാണ് സത്യം. 61 വയസ് പൂര്‍ത്തിയായ അവര്‍ക്ക് ഒരു അഞ്ചുവര്‍ഷം കൂടി അധികാരത്തിനു പുറത്തിരുന്ന ശേഷം തിരിച്ചുവരവിനുള്ള സാധ്യത എത്രമാത്രമുണ്ടെന്നതു സംശയമാണ്. എസ്.പിയും കോണ്‍ഗ്രസുമെല്ലാം യുവതലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ യുവ മുഖ്യമന്ത്രിയെ വാഗ്ദാനം ചെയ്യുകയുമുണ്ടായി.
നിലവിലുള്ള നേതൃത്വത്തെ തന്നെ കൂടെ നിര്‍ത്താനും മായാവതിക്ക് ഏറെ കഷ്ടപ്പെടേണ്ടി വരും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സ്വാമി പ്രസാദ് മൗര്യ, ജുഗല്‍ കിഷോര്‍, ബ്രിജേഷ് പഥക്, ദാരാ സിങ് ചൗഹാന്‍, ആര്‍.കെ ചൗധരി അടങ്ങുന്ന ഉന്നതനേതൃത്വമാണ് ബി.എസ്.പി പാളയംവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."