കോണ്‍ഗ്രസിന് വന്‍മുന്നേറ്റം: പഞ്ചാബില്‍ നിലംപരിശായി അകാലിദള്‍-ബി.ജെ.പി സഖ്യം
അമൃത്സര്‍: പത്തുവര്‍ഷത്തിനു ശേഷം പഞ്ചാബ് കോണ്‍ഗ്രസിനെ തിരിച്ചുവിളിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിനു കീഴില്‍ കോണ്‍ഗ്രസ് നടത്തിയ ശക്തമായ മുന്നൊരുക്കവും ഭരണവിരുദ്ധ വികാരവും ഒന്നിച്ചുചേര്‍ന്നപ്പോള്‍ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യത്തിനു പിടിച്ചുനില്‍ക്കാന്‍ പോലും അവസരമുണ്ടായിരുന്നില്ല. എക്‌സിറ്റ്‌പോളുകളില്‍ വരെ സാധ്യത കല്‍പിച്ച ആം ആദ്മി പാര്‍ട്ടിക്കു പക്ഷെ, വലിയ നേട്ടമൊന്നുമുണ്ടാക്കാനായില്ല.
ആകെ 117 മണ്ഡലങ്ങളില്‍ 77 സീറ്റുകള്‍ സ്വന്തമാക്കിയാണ് കോണ്‍ഗ്രസ് മേധാവിത്വം ഉറപ്പിച്ചത്. പ്രകാശ് സിങ് ബാദലിന്റെ ഭരണത്തിനെതിരായ വികാരം വലിയ അളവോളം അതിന് കോണ്‍ഗ്രസിനെ സഹായിച്ചു. കന്നിയങ്കം കുറിച്ച എ.എ.പി എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ച് വെറും 20 സീറ്റുകളില്‍ ഒതുങ്ങി. ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് ആകെ ലഭിച്ചത് 18 സീറ്റാണ്. ഇതില്‍ 15 സീറ്റും നേടിയത് അകാലിദളാണ്. ബി.ജെ.പിക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റുകള്‍ മാത്രം. ബാക്കി രണ്ട് സീറ്റുകള്‍ സ്വതന്ത്രന്മാരും സ്വന്തമാക്കി.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പഞ്ചാബ് ഘടകം പ്രസിഡന്റും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്ത ക്യാപ്റ്റന്‍ അമരിന്ദര്‍സിങ് 52,407 വോട്ടിന്റെ വന്‍ മാര്‍ജിനിലാണ് പാട്യാല മണ്ഡലത്തില്‍നിന്ന് ജയിച്ചുകയറിയത്. എ.എ.പിയുടെ ബല്‍ബീര്‍ സിങ്ങായിരുന്നു മുഖ്യ എതിരാളി. അതേസമയം, ലാംബി മണ്ഡലത്തില്‍ ജനവിധി തേടിയ സിങ്ങിന് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനോട് 22,770 വോട്ടിന് അടിയറവു പറയേണ്ടിയും വന്നു. ഇവിടെ എ.എ.പിയുടെ ജര്‍ണയില്‍ സിങ് 21,254 വോട്ട് നേടി മൂന്നാമതായി.
തെരഞ്ഞടുപ്പിനു തൊട്ടുമുന്‍പായി കോണ്‍ഗ്രസ് ക്യാംപില്‍ ചേര്‍ന്ന നവജ്യോത് സിങ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ 42,809 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥി രാജേഷ്‌കുമാറിനെ പരാജയപ്പെടുത്തിയത്. നേരത്തെ, ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു ബി.ജെ.പി ടിക്കറ്റില്‍ 2012ല്‍ വിജയം നേടിയ മണ്ഡലമാണിത്. സിദ്ദുവിന്റെ കൂറുമാറ്റം ഒരുപരിധി വരെ വന്‍ വിജയത്തിന് കോണ്‍ഗ്രസിനെ സഹായിച്ചിട്ടുമുണ്ട്.
ഉപമുഖ്യമന്ത്രിയും അകാലിദള്‍ സംസ്ഥാന ഘടകം അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദല്‍ എ.എ.പിയുടെ പ്രമുഖ സ്ഥാനാര്‍ഥിയായ ഭഗവന്ത് മാന്നിനെ 18,500 വോട്ടുകള്‍ക്കാണ് ജലാലാബാദ് മണ്ഡലത്തില്‍ തോല്‍പിച്ചത്. എ.എ.പി സ്ഥാനാര്‍ഥിയും മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനുമായ എച്ച്.എസ് ഫൂല്‍ക്കെ, മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രജീന്ദര്‍ കൗര്‍ ബാട്ടല്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനുമായ പര്‍ഗാത് സിങ് എന്നിവര്‍ സംസ്ഥാനത്ത് വിജയം കണ്ടവരില്‍ പ്രമുഖരാണ്.
ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി പദമൊഴിയുമെന്ന് പ്രകാശ് സിങ് ബാദല്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."