സഞ്ചാരികളെ ആകര്‍ഷിച്ച് കൂടല്‍കടവ്: തെളിനീരില്‍ കുളിക്കാം, ഗ്രാമം കാണാം
പനമരം: വിവാദമൊഴിയാതെ കുറുവ ദ്വീപ് കിതക്കുമ്പോഴും ദ്വീപിലേക്ക് തെളിനീരൊഴുക്കുന്ന കൂടല്‍ക്കടവ് സന്തോഷത്തിലാണ്. ആരുമറിയാതിരുന്ന കൂടല്‍കടവിന്റെ ഭംഗി ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇപ്പോഴെത്തുന്നത്. ഗ്രാമഭംഗിയുടെ ആസ്വാദനത്തിനൊപ്പം കടവിലെ തെളിനീരിലെ കുളിയും ലക്ഷ്യമിട്ടാണ് സഞ്ചാരികള്‍ കൂടല്‍ കടവിലെത്തുന്നത്. നേരത്തെ നാട്ടുകാര്‍ക്ക് മാത്രം അറിഞ്ഞിരുന്ന കടവില്‍ തടയണ നിര്‍മിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
ഏകദേശം ഇരുന്നൂറ് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വീതിയും ഉള്ള തടയണ പൂര്‍ത്തിയായതോടെ പനമരത്ത് നിന്നും പുഞ്ചവയല്‍ ദാസനക്കര റോഡില്‍ പതിനൊന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന കടവിന്റെ ഭാവം തന്നെ മാറി. ഒപ്പം കൂടല്‍കടവ് എന്ന പേരിന്റെ ചരിത്രം കൂടിയായപ്പോള്‍ കേട്ടറിഞ്ഞ സഞ്ചാരികള്‍ കടവ് തേടി എത്തി തുടങ്ങി.
പേര്യാ മലയില്‍ നിന്നും വരുന്ന മാനന്തവാടി പുഴയും ബാണാസുര മലയില്‍ നിന്നും വരുന്ന പനമരം പുഴയും കൂടിച്ചേരുന്നത് ഇവിടെ വെച്ചാണ്. അതാണ് പ്രദേശത്തിന് 'കൂടല്‍'കടവ് എന്നു പേരു വന്നത്. രണ്ടു പുഴകള്‍ക്കും കുറുകേയുള്ള ഇരട്ടപ്പാലങ്ങളും (ട്വിന്‍ ബ്രിഡ്ജ്) കടന്ന് വേണം കൂടല്‍ കടവിലെത്താന്‍.
അവധികാലമെത്തിയതോടെ ഇതിനകം നിരവധി സഞ്ചാരികളാണ് കടവ് ആസ്വദിക്കാനെത്തിയത്.
നേരത്തെ മീന്‍ പിടിത്തക്കാരുടെ ഇഷ്ട കേന്ദ്രമായിരുന്നു ഈ കടവ്. രണ്ടി പുഴകളുടെ സംഗമ സ്ഥാനമായിരുന്ന ഇവിടെ മത്സ്യങ്ങളും സമൃദ്ധമാണ്. ചെമ്പല്ലി, റോഗ്, കട്‌ല, ഫിലോപ്പി തുടങ്ങിയവയാണ് കടവിലെ തെളിനീരില്‍ വളരുന്നത്. എന്നാല്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെ മീന്‍പിടിത്തക്കാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്.
ആവശ്യമായ സുരക്ഷ സംവിധാനങ്ങളില്ലെന്നതാണ് കടവിലെ പ്രധാന പോരായ്മ. കൈവേലിയോ, ലൈഫ് ജാക്കറ്റോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇതുവരെ ഇവിടെ ഒരുക്കിയിട്ടില്ല. അപകടം നടക്കുന്നതിന് മുമ്പേ, സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്.
കൂടാതെ സഞ്ചാരികള്‍ ഭക്ഷണം പാകം ചെയ്യുന്നതിനാല്‍ പുഴയോരത്ത് മാലിന്യം നിറയുന്നത് പുഴയുടെ നാശത്തിന് ഇടയാക്കുന്നുണ്ട്. പ്രകൃതി സംരക്ഷിച്ച് കൂടല്‍കടവിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."